റായ്പൂര്‍: ഛത്തീസ്ഗഡിലെ ചോദ്യപേപ്പറില്‍ നായയ്ക്ക് പേരിടാന്‍ രാമനെ ഓപ്ഷനാക്കിയെന്ന് ആരോപിച്ച് പ്രധാനധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. നാലാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പറില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം.
|
ഇതിനുപുറമെ, ചോദ്യപേപ്പര്‍ പരിശോധിച്ച മോഡേറേറ്ററെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ റായ്പൂര്‍ ജില്ലയിലെ തില്‍ഡ ബ്ലോക്കിലുള്ള നക്തി സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപിക ശിഖ സോണിയ്‌ക്കെതിരെയും ചോദ്യപേപ്പര്‍ പരിശോധിച്ച മോഡേറേറ്ററായ നമ്രത വര്‍മയ്‌ക്കെതിരെയുമാണ് നടപടി.
റായ്പൂര്‍ ഡിവിഷനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടന്ന അര്‍ധവാര്‍ഷിക പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടത്.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍; ലൈംഗിക ശേഷി പരിശോധന നടത്തി
മോനയുടെ നായയുടെ പേരെന്താണെന്നായിരുന്നു ഇംഗ്ലീഷ് പേപ്പറിലെ ചോദ്യം. ഇതിനായി നല്‍കിയ നാല് ഓപ്ഷനുകളില്‍ ഒന്ന് ‘റാം’ എന്ന പേരായിരുന്നു. ബാല, ഷേരു, നോ വണ്‍ എന്നിവയായിരുന്നു മറ്റ് ഓപ്ഷനുകള്‍.
ഇംഗ്ലീഷില്‍ ‘രാമു’ എന്ന് അച്ചടിക്കേണ്ടതിന് പകരം ‘യു’ എന്ന അക്ഷരം വിട്ടുപോയതിനാലാണ് ‘റാം’ എന്നുമാത്രം വന്നതെന്ന് അധ്യാപിക വിശദീകരിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ലഭിച്ച ചോദ്യപേപ്പര്‍ സെറ്റുകള്‍ ക്രമീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, ഓപ്ഷനുകള്‍ ശ്രദ്ധിക്കാതെ പോയത് മനപൂര്‍വമല്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഹിന്ദു മതവിശ്വാസികള്‍ ഏറെ ആദരിക്കുന്ന ദൈവത്തിന്റെ നാമം ഒരു നായയുടെ പേരായി ഓപ്ഷനില്‍ നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
മഹാസമുണ്ട് ജില്ലയില്‍ നിന്നാണ് ആദ്യം പരാതി ഉയര്‍ന്നത്. തുടര്‍ന്ന് റായ്പൂര്‍ ഡിവിഷനിലെ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം പടരുകയും ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.


