25
Jan 2026
Wed
25 Jan 2026 Wed
sambhal masjid violence case

Sambhal mosque violence case ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജാമിയ മസ്ജിദിന് സമീപമുണ്ടായ സംഘര്‍ഷത്തിനിടെ നടന്ന വെടിവെപ്പില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സംഭല്‍ ജില്ലാ കോടതിയാണ് പോലീസിന് ഈ നിര്‍ദ്ദേശം നല്‍കിയത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്നത്തെ സര്‍ക്കിള്‍ ഓഫീസറായിരുന്ന അനുജ് ചൗധരി (നിലവില്‍ ഫിറോസാബാദ് അഡീഷണല്‍ എസ്പി), സംഭാല്‍ കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന അനുജ് തോമര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവ്. തിരിച്ചറിയാത്ത മറ്റ് ചില പോലീസുകാര്‍ക്കെതിരെയും കേസെടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിഭാന്‍ഷു സുധീര്‍ ഉത്തരവിട്ടു.

ഖഗ്ഗു സരായ് അന്‍ജുമാന്‍ സ്വദേശിയായ യാമീന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. നവംബര്‍ 24-ന് ബിസ്‌ക്കറ്റ് വില്‍ക്കാന്‍ പുറത്തിറങ്ങിയ തന്റെ മകന്‍ ആലമിന് പോലീസിന്റെ വെടിയേറ്റുവെന്നാണ് യാമീന്റെ പരാതി.

ALSO READ:  ഇറാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; എല്ലാ ചര്‍ച്ചകളും റദ്ദാക്കി

ഷാഹി ജാമിയ മസ്ജിദ് നേരത്തെ ക്ഷേത്രമായിരുന്നു എന്ന അവകാശവാദത്തെത്തുടര്‍ന്ന് കോടതി ഉത്തരവിട്ട സര്‍വേക്കിടെയാണ് സംഭലില്‍ സംഘര്‍ഷമുണ്ടായത്. വെടിവെപ്പില്‍ അഞ്ച് മുസ്ലീം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പോലീസാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികളും കുടുംബങ്ങളും ആരോപിച്ചിരുന്നു.

ഭയം കാരണം രഹസ്യമായാണ് ആലമിന് ചികിത്സ നല്‍കിയത്. പിന്നീട് നിയമസഹായ സംഘടനയായ എ.പി.സി.ആറിന്റെ (APCR) പിന്തുണയോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്.
കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനായ അനുജ് ചൗധരി നേരത്തെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ്.

സംഭല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും സമാജ്വാദി പാര്‍ട്ടി എം.പി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് ഉള്‍പ്പെടെ 2,200-ഓളം പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ 134 പേര്‍ ജയിലിലാണ്.

എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി പറയണമെന്ന കോടതി ഉത്തരവ് ഇരകളുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. കൂടുതല്‍ കുടുംബങ്ങള്‍ പരാതിയുമായി മുന്നോട്ടുവരുമെന്ന് എ.പി.സി.ആര്‍ പ്രതിനിധി നദീം ഖാന്‍ പറഞ്ഞു.