02
Feb 2026
Sun
02 Feb 2026 Sun
union budget 2026 nirmala seetharaman

Union Budget 2026 ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. എയിംസും അതിവേഗ റെയില്‍ പാതയും വയനാട് ദുരന്തബാധിതര്‍ക്കുളള പുനരധിവാസ ഫണ്ടുമുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന് 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജടക്കം കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷയുമായാണ് പതിവുപോലെ ഇക്കുറിയും കേരളം കാത്തിരിക്കുന്നത്. അമേരിക്കന്‍ ഇറക്കുമതി നയത്തിലുണ്ടായ മാറ്റംമൂലം സമുദ്രോല്‍പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടിപ്പരിപ്പ്, ടെക്സ്റ്റയില്‍സ് എന്നിവയുടെ കയറ്റുമതിയില്‍ വര്‍ഷം 2500 കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ട്.

ജി.എസ്.ടി നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി വാര്‍ഷിക വരുമാനത്തില്‍ 8000 കോടി രൂപയുടെ കുറവുണ്ടാകുന്നു. ഇതെല്ലാം കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാന്‍ മതിയായ കാരണങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അവകാശപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവുകള്‍ പരിഹരിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യമാക്കുന്നു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ല്‍നിന്ന് 75 ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനം ബജറ്റില്‍ ഇടംപിടുക്കുമോ എന്നതും ഉറ്റുനോക്കുകയാണ്. റെയില്‍ കണക്ടിവിറ്റി, തുറമുഖവുമായി ചേര്‍ന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, സീ ഫുഡ് പാര്‍ക്ക്, ലോജസ്റ്റിക്‌സ് ആന്‍ഡ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്നീ പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. നെല്ല് സംഭരണം കാര്യക്ഷമമാക്കാനും ആധുനിക നെല്ല് സംഭരണ കേന്ദങ്ങളും മില്ലുകളും സ്ഥാപിക്കുന്നതിന് സപ്ലൈകോക്ക് 2000 കോടി രൂപ സഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യങ്ങള്‍

* കേരളത്തിന്റെ വായ്പാപരിധി അര ശതമാനംകൂടി ഉയര്‍ത്തണം.

* ജി.എസ്.ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണം.

* കശുവണ്ടി-കയര്‍-കൈത്തറി വ്യവസായങ്ങള്‍ക്ക് പ്രത്യേക സംരക്ഷണ പാക്കേജ് പ്രഖ്യാപിക്കണം.

* അംഗന്‍വാടി, ആശ ഉള്‍പ്പെടെ സ്‌കീം വര്‍ക്കര്‍മാരുടെ വേതനം ഉയത്തണം.

* ക്ഷേമ പെന്‍ഷന്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, പാവപ്പെട്ടവര്‍ക്ക് വീടുവെക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം ഉയര്‍ത്തണം.

* മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറക്കാനും ക്യഷിനാശം തടയാനുമുള്ള പദ്ധതികള്‍ക്കായി 1000 കോടിയുടെ പ്രത്യേക സഹായം.

* 1000 കോടി രൂപ റബര്‍ വിലസ്ഥിരത ഫണ്ട് രൂപവത്കരിക്കണം.

* തോട്ടവിളകളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകളുടെ ബജറ്റ് വിഹിതം ഉയര്‍ത്തണം.

* തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ മൂല്യവര്‍ധനവ്, ബ്രാന്‍ഡിങ്, ജൈവകൃഷി രീതികള്‍ പ്രായോഗികമാക്കാനുള്ള ധനസഹായങ്ങള്‍ തുടങ്ങിയവക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണം.

* കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് കേന്ദ്ര ബജറ്റുവഴി ധനസഹായം ഉറപ്പാക്കണം.

* ജി.സി.സി മേഖലയില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികളെ നാട്ടില്‍ പുനരധിവസിപ്പിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സംരംഭകത്വ സഹായം ലഭ്യമാക്കാനും പ്രത്യേക പാക്കേജ് അനുവദിക്കണം.

* കേരളത്തിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇടനാഴി പ്രഖ്യാപിക്കണം.

* റബര്‍ അധിഷ്ഠിത എന്‍ജിനീയറിങ്, ദക്ഷ്യസംസ്‌കരണം, സമുദ്രോല്‍പന്ന മൂല്യാധിഷ്ഠിത ശ്യംഖലകളുടെ ശാക്തീകരണത്തിന് പദ്ധതി പ്രഖ്യാപിക്കണം.

* ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘടനപരമായ മാറ്റം ഉപേക്ഷിക്കണം.

* എം.എസ്.എം.ഇകളുടെ ശാക്തീകരണത്തിന് പദ്ധതി.

* ലോജിസ്റ്റിക് പാര്‍ക്കുകളും തീരദേശ ഷിപ്പിങ് സര്‍വിസുകളും ആരംഭിക്കണം.

* ഇലക്ട്രിക് ബസ് സര്‍വിസ് വ്യാപിപ്പിക്കണം.

* കുടുംബാരോഗ്യ രംഗത്ത് കുടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം.

* ആരോഗ്യം, വെല്‍നെസ് ടൂറിസം വിപുലീകരിക്കുന്നതിന് ദീര്‍ഘകാല വിസകള്‍ അനുവദിക്കുന്ന നയംമാറ്റം ഉണ്ടാകണം.

* ആയൂഷ്, ടൂറിസം, സഹകരണ മേഖലയില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം.

* കടല്‍ഭിത്തി നിര്‍മാണം, കണ്ടല്‍ക്കാട് വെച്ചുപിടിപ്പിക്കല്‍, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവക്കായി കോസ്റ്റല്‍ റെസിലിയന്‍സ് ഫണ്ട് രൂപവത്കരിക്കണം.

* വിഴിഞ്ഞം-ചവറ-കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയര്‍ എര്‍ത്ത് കോറിഡോര്‍ പ്രഖ്യാപിക്കണം. ഇതിനായി 1000 കോടി രൂപ നീക്കിവെക്കണം.

* ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം.

കിസാന്‍ സമ്മാന്‍ നിധിയിലൂടെ നല്‍കുന്ന തുക ഉയര്‍ത്തുമോ എന്ന ആകാംക്ഷയിലാണ് കാര്‍ഷിക മേഖല. നിലവില്‍ ആറായിരം രൂപയാണ് മൂന്ന് ഗഡുക്കളായി നല്‍കുന്നത്. വിവിധ കാര്‍ഷിക പദ്ധതികള്‍ക്കും കൂടുതല്‍ തുക വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പ ലഭ്യമാക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. പിഎം ഗതിശക്തി പദ്ധതിയുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിനുളള ചെലവ് കുറയ്ക്കാന്‍ പുതിയ റെയില്‍വേ ഇടനാഴികള്‍ പ്രഖ്യാപിച്ചേക്കും. തുറമുഖങ്ങള്‍ വികസിപ്പിക്കാനുളള പദ്ധതികളും ഉണ്ടാകും.

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതവും ഗ്രാന്റുകളും സംബന്ധിച്ച പതിനാറാം ധനകാര്യ കമ്മീഷന്റെ നിര്‍ണായക ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ബജറ്റ് രേഖകള്‍ തയ്യാറാക്കിയത്. ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സാമ്പത്തിക വിഹിതം നിശ്ചയിക്കുന്നതില്‍ ഈ ബജറ്റ് നിര്‍ണായകമാകും. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുളള 30 വിദ്യാര്‍ത്ഥികളുമായി ധനമന്ത്രി നേരിട്ട് സംവദിക്കും.