05
Feb 2026
Wed
05 Feb 2026 Wed
fighting women and men

ന്യൂഡല്‍ഹി: തന്റെ ഫോണ്‍ വിളികളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതയായ യുവതി കാമുകനെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ റോഹിണിയില്‍ ശനിയാഴ്ച രാത്രിയാണ് നാടിനെ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കംത പ്രസാദ് സൂര്യവംശി (25) യാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്നു. സംഭവത്തില്‍ കാമുകിയായിരുന്ന റോഷ്‌നി സൂര്യവംശി(22)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഷ്‌നിയെ പ്രസാദ് പരിചയപ്പെട്ടത്. സൗഹൃദം പിന്നെ പ്രണയമായി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രസാദ് റോഷ്‌നിയുമായി അകലം പാലിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ റോഷ്‌നിക്ക് ആകെ സംശയമായി. മറ്റേതെങ്കിലും പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണോ തന്നെ ഉപേക്ഷിച്ചതെന്നായിരുന്നു സംശയം.

ALSO READ: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം; അങ്കണവാടി ആയക്ക് ദാരുണാന്ത്യം

ഇത് ബലപ്പെട്ടതോടെ പ്രസാദ് താമസിക്കുന്ന വീട്ടിലേക്ക് ബാഗില്‍ കത്തിയും ഒളിപ്പിച്ച് റോഷ്‌നി എത്തി. പ്രസാദ് വാതില്‍ തുറന്നതും റോഷ്‌നി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. പ്രസാദ് നല്‍കാതിരുന്നതോടെ വാക്കേറ്റമായി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് റോഷ്‌നി പ്രസാദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ സുഹൃത്താണ് പ്രസാദ് നെഞ്ചില്‍ നിന്ന് ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു. പ്രസാദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം, താന്‍ പേടിപ്പിക്കാനാണ് കത്തിയുമായി പോയതെന്നും കുത്തണമെന്ന് വിചാരിച്ചിരുന്നില്ലെന്നുമാണ് റോഷ്‌നിയുടെ മൊഴി. റോഷ്‌നിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.