Kerala waqf board തിരുവനന്തപുരം: ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ പ്രകാരം നീണ്ടു പോയ പുനസംഘടനയാണ് ഒടുവില്‍ പൂര്‍ത്തിയായത്.
|
നിലവിലുണ്ടായിരുന്ന വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ.എം.കെ സക്കീറിനെ തദ്സ്ഥാനത്ത് തുടരും. സമസ്തയില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമര്‍ ഫൈസിയും ബോര്‍ഡിലുണ്ട്. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികളുടേത് ഉടനെ നികത്തുമെന്നും വിജഞാപനത്തിലുണ്ട്.
വഖഫ് ബോര്‍ഡ് പുനഃസംഘടന നടപടികള്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ വേണമെന്ന കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയില്‍ ആശയക്കുഴപ്പലായിരുന്നു സര്‍ക്കാര്‍.
അമുസ്ലിംകളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുത്തുമെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്.
കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ പാലിച്ച് ബോര്‍ഡ് പുനസംഘടിപ്പിക്കുന്നത് പേരുദോഷം ഉണ്ടാക്കുമെന്ന് ഭയമുള്ളതിനാലാണ് നിലവിലെ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷംമുമ്പ് കഴിഞ്ഞിട്ടും പുനസംഘടന നീട്ടിവെച്ചത്.
കേരള വഖഫ് സംരക്ഷണ വേദി നല്കിയ പൊതുതാല്പര്യ ഹരജിയുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം ബോര്‍ഡ് പുനസംഘടന പൂര്‍ത്തിയാക്കാന്‍ ഹൈകോടതി ഡിവിഷന് ബെഞ്ച് ജനുവരി 20ന് സര്‍ക്കാറിന് ഉത്തരവിടുകയായിരുന്നു.


