Ghaziabad Triple Suicide ഗാസിയാബാദിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അസ്വാഭാവികമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മൂന്ന് കിടപ്പുമുറികളുള്ള ഫ്‌ലാറ്റായിരുന്നിട്ടും കുടുംബത്തിലെ ഒന്‍പത് അംഗങ്ങളും ഒരേ മുറിയിലാണ് ഉറങ്ങിയിരുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
|
ഭാരത് സിറ്റി സൊസൈറ്റിയിലെ ഈ അപ്പാര്‍ട്ട്‌മെന്റില്‍ ചേതന്‍ കുമാര്‍, അദ്ദേഹത്തിന്റെ മൂന്ന് ഭാര്യമാരായ സുജാത, ഹീന, ടീന എന്നിവരും അഞ്ച് കുട്ടികളുമാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ എല്ലാവരും ഒരുമിച്ച് ഒരു മുറിയില്‍ ഉറങ്ങിയിരുന്നെന്ന വസ്തുത നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.
ഗാസിയാബാദിലെ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പായ ഭാരത് സിറ്റിയിലെ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് ചാടിയാണ് പാഖി (12), പ്രാചി (14), നിഷിക (16) എന്നിവര്‍ ആത്മഹത്യ ചെയ്തത്.
പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ചേതന്‍ കുമാറിന് മുന്ന് ഭാര്യമാരാണുള്ളത്. ആദ്യ ഭാര്യ സുജാതയില്‍ ഒരു മകളും ബുദ്ധിമാന്ദ്യമുള്ള ഒരു മകനും. രണ്ടാം ഭാര്യ ഹീനയില്‍ 14-ഉം 12-ഉം വയസ്സുള്ള രണ്ട് പെണ്‍മക്കണാണുള്ളത്. മൂന്നാം ഭാര്യ ടീനയില്‍ മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടയുണ്ട്. ഹീനയുടെ മക്കളാണ് പാഖിയും പ്രാചിയും ആദ്യഭാര്യയായ സുജാതയുടെ മകളാണ് നിഷിക.
ആദ്യ ഭാര്യ സുജാതയ്ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് ഹീനയെ വിവാഹം കഴിച്ചതെന്ന് ചേതന്‍ അവകാശപ്പെട്ടെങ്കിലും, മരിച്ച പെണ്‍കുട്ടികളില്‍ മൂത്തവള്‍ക്ക് 16 വയസ്സുണ്ടെന്നത് ഈ വാദത്തെ വൈരുദ്ധ്യത്തിലാക്കുന്നു. 2010-ല്‍ സുജാതയെയും 2013-ല്‍ ഹീനയെയും വിവാഹം കഴിച്ച ചേതന്‍, 2023-ല്‍ ഇസ്ലാം മതത്തില്‍ മതംമാറ്റി ടീനയെയും വിവാഹം കഴിച്ചു. മുന്‍ഭാര്യമാരെ വിവാഹമോചനം ചെയ്യാതെ വീണ്ടും വിവാഹം കഴിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഭാര്യമാരുടെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നതെന്നും ആര്‍ക്കും പരാതിയില്ലെന്നുമായിരുന്നു ചേതന്റെ മറുപടി.
കൊറിയന്‍ ഗെയിമുകളോട് ആസക്തി

ചേതന്‍ കുമാര്‍
കൊറിയന്‍ ഗെയിമുകളോടും സംഗീതത്തോടുമുള്ള അമിത ആസക്തി കാരണം ഫോണുകള്‍ പിടിച്ചുവാങ്ങിയതാണ് കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിതാവ് ചേതന്‍കുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം നിലനില്‍ക്കുന്നതോടെ കേസില്‍ ദുരൂഹത വര്‍ധിച്ചു.
ഫോണുകള്‍ നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കളുമായി സംസാരിക്കാനോ ഗെയിമുകള്‍ കളിക്കാനോ കഴിയാത്തതില്‍ പെണ്‍കുട്ടികള്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു.
മരണപ്പെട്ട രാത്രിയില്‍ അവര്‍ അമ്മയുടെ ഫോണ്‍ എടുത്തുപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും കൊറിയന്‍ ആപ്പുകള്‍ തുറക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. സ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും വിരലടയാളങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുട്ടികളുടെ മരണത്തിന് 15 ദിവസം മുന്‍പാണ് കുട്ടികളുടെ ഫോണ്‍ ചേതന്‍ വിറ്റത്. ഈ ഫോണ്‍ പൊലീസ് കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് ഇത് ലാബിലേക്ക് അയച്ചിട്ടുണ്ട്.
പഴയ കേസുകളും ദുരൂഹതകളും
ചേതന്‍ കുമാറിന് മുന്‍പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായതായി പി.ടി.ഐ (PTI) റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-ല്‍ ഇയാളുടെ ലിവിംഗ്-ടുഗദര്‍ പങ്കാളി സമാനമായ രീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചിരുന്നു. അന്ന് ആ കേസ് ആത്മഹത്യയായിട്ടാണ് അവസാനിപ്പിച്ചത്. കൂടാതെ ചേതന്റെ ഭാര്യാസഹോദരിയും മുന്‍പ് ഇയാളുടെ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ച മൂന്ന് പെണ്‍കുട്ടികളും അമ്മമാരേക്കാള്‍ കൂടുതല്‍ പിതാവിനോടാണ് അടുപ്പം കാണിച്ചിരുന്നത്. അവര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പിലും പിതാവിനെ മാത്രമാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
വിചിത്ര സ്വഭാവമെന്ന് ട്യൂഷന്‍ ടീച്ചര്‍
കഴിഞ്ഞയാഴ്ച ഭാരത് സിറ്റിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരെക്കുറിച്ച് വിചിത്രമായ അനുഭവങ്ങള്‍ പങ്കുവച്ച് ട്യൂഷന്‍ ടീച്ചര്‍. മരിക്കുന്നതിന് കുറച്ചുനാള്‍ മുന്‍പ് ഇവരെ ഒരു സ്വകാര്യ ട്യൂഷന്‍ ടീച്ചറുടെ അടുത്ത് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് തങ്ങള്‍ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നും ദത്തെടുക്കപ്പെട്ടവരാണെന്നാണ് പെണ്‍കുട്ടികള്‍ പരിചയപ്പെടുത്തിയത്. മരിയ, അലീസ, സിണ്ടി എന്നിങ്ങനെയുള്ള കൊറിയന്‍ പേരുകളാണ് അവര്‍ ടീച്ചറോട് പറഞ്ഞിരുന്നത്.
പഠനകാര്യത്തില്‍ പെണ്‍കുട്ടികള്‍ വളരെ പിന്നിലാണെന്ന് ട്യൂഷന്‍ ടീച്ചര്‍ ടൈംസ് ഓഫ് ഇന്ത്യയോട് (TOI) പറഞ്ഞു. അടിസ്ഥാനപരമായ കണക്കുകള്‍ കൂട്ടാനോ അക്കങ്ങള്‍ തിരിച്ചറിയാനോ പോലും അവര്‍ക്ക് പ്രയാസമായിരുന്നു.
ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെ:
‘പഠനത്തില്‍ അവര്‍ വളരെ പിന്നിലായിരുന്നു. കോവിഡ് കാലത്തിന് ശേഷം അവര്‍ സ്‌കൂളില്‍ പോയിട്ടില്ലാത്തതിനാല്‍ ഞാന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ തീരുമാനിച്ചു. അവരുടെ കൈവശം പുസ്തകങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഇംഗ്ലീഷ്, കണക്ക്, ഹിന്ദി വിഷയങ്ങള്‍ക്കായി ഞാന്‍ ഓരോ പുസ്തകം നല്‍കി. എന്നാല്‍ കൂട്ടാനോ ഗുണിക്കാനോ ഉള്ള ലളിതമായ കണക്കുകള്‍ നല്‍കിയപ്പോള്‍ അവര്‍ക്ക് അക്കങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പാഠപുസ്തകത്തിലെ അക്കങ്ങളോ അക്ഷരങ്ങളോ നോക്കി എഴുതാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല.’
വീട്ടില്‍ ചെയ്യാന്‍ നല്‍കുന്ന പാഠഭാഗങ്ങളും അവര്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ‘രണ്ടിന്റെ ഗുണനപ്പട്ടിക പഠിച്ചു വരാനും അടുത്ത ദിവസം പരീക്ഷ ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് അവര്‍ വന്നത്. കാരണം ചോദിച്ചപ്പോള്‍, തങ്ങള്‍ ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നും ദത്തെടുക്കപ്പെട്ടവരാണെന്ന വിചിത്രമായ മറുപടിയാണ് അവര്‍ നല്‍കിയത്. ഇതേക്കുറിച്ച് പിതാവിനോട് ചോദിച്ചപ്പോള്‍, അവര്‍ക്ക് കൊറിയന്‍ സംസ്‌കാരത്തോടുള്ള കടുത്ത ഭ്രമത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു,’ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
പഠനത്തില്‍ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാല്‍ അവരെ തുടര്‍ന്ന് പഠിപ്പിക്കേണ്ടതില്ലെന്ന് ട്യൂഷന്‍ ടീച്ചര്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്യുന്നതിന് ഏകദേശം 20 ദിവസം മുന്‍പായിരുന്നു ഇത്.



