12
Feb 2026
Thu
12 Feb 2026 Thu
PJS 17th anniversary amritholsavam

ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ പ്രമുഖ സംഘടനയായ പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 17-മത് വാര്‍ഷിക ആഘോഷം ഇന്ന് ജിദ്ദയില്‍ അരങ്ങേറും. ‘അമൃതോത്സവം-2026’ എന്ന പേരില്‍ ഫെബ്രുവരി ഇന്ന് 12-ാം തീയതി വ്യാഴാഴ്ച്ച ജിദ്ദ തഹ്ലിയ സ്ട്രീറ്റ്‌ലെ ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ രാത്രി 8 മണിയോടെ കലാ പ്രകടനങ്ങളുടെ വിസ്മയമൊരുക്കുന്ന വേദിയുടെ അരങ്ങുണരും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ശ്രീ.കമലേഷ് കുമാര്‍ മീണ മുഖ്യാതിഥി ആയിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍,ഗായിക മീംസ് മി (മീമ മുര്‍ഷിദ്), ഗായകന്‍ കലാഭവന്‍ രാജേഷ് എന്നിവര്‍ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് ആണ് വാര്‍ഷികത്തിന്റെ പ്രധാന പരിപാടി. ഫിനോം അക്കാദമി അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാന്‍സ്, ശ്രീമതി ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പിജെസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിക്കുന്ന ഡാന്‍സ്, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്ളാസ്സിക്കല്‍ ഡാന്‍സ്, ദീപിക സന്തോഷ് അണിയിച്ചൊരുക്കി പിജെബിസ് ഗേള്‍സ് അവതരിപ്പിക്കുന്ന ജൂനിയര്‍ ഡാന്‍സ്, ഷറഫ് പത്തനംതിട്ട നേതൃത്വം നല്‍കുന്ന പിജെസ് ബീറ്റ്സ് അംഗങ്ങളുടെ ഗാനങ്ങള്‍ എന്നിവയാണ് മറ്റു പരിപാടികള്‍.

പിജെഎസിന്റെ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ഥം നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് ഈ വര്‍ഷം പിന്നണി ഗായികയും ജിദ്ദയിലെ പ്രശസ്ത ഗായികയുമായ മുംതാസ് അബ്ദു റഹ്‌മാന് നല്‍കുവാന്‍ തീരുമാനിച്ചു. പിജെസ്സിന്റ സ്ഥാപകാംഗം ആയിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നില നിര്‍ത്തുന്നതിനായി ജിദ്ദയിലെ ആതുര സേവനരംഗത്ത് സജീവ സാന്നിധ്യം നല്‍കിവരുന്ന ഗുലൈല്‍ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ അര്‍ഷാദ് നൗഫലിന് നല്‍കും.

പിജെഎസ് അംഗങ്ങളുടെ മക്കളില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് നല്‍കുന്ന എജ്യൂക്കേഷന്‍ അവാര്‍ഡ് എക്‌സിക്യൂട്ടീവ് അംഗമായ മനു പ്രസാദിന്റെ മകള്‍ ചിത്ര നായര്‍ക്ക് നല്‍കും. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ പിജെസ് ഫൗണ്ടര്‍ മെമ്പറും മുന്‍ രക്ഷാധികാരിയുമായിരുന്ന ശ്രീ. അലി റാവുത്തര്‍ തേക്കുതോടിന് പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പിജെസ് ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ അനില്‍ കുമാര്‍ പത്തനംതിട്ട (0538378734), അയൂബ് ഖാന്‍ പന്തളം, പ്രസിഡന്റ് (0502329342), പിആര്‍ഒ വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. അയൂബ് ഖാന്‍ പന്തളം, സന്തോഷ് നായര്‍, മാത്യു തോമസ്, അനില്‍ കുമാര്‍ പത്തനംതിട്ട, ജയന്‍ നായര്‍, എബി കെ ചെറിയാന്‍, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വര്‍ഗീസ്, ഷാനവാസ് എന്നിവര്‍ വാര്‍ത്താമ്മേളനത്തില്‍ പങ്കെടുത്തു.

ALSO READ: ഐഎഎസ് മുന്‍ ഉദ്യോഗസ്ഥന്‍ ടി മാധവ മേനോന്‍ അന്തരിച്ചു