ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നോമന. അവിചാരിതമായി കുതിച്ചെത്തിയ വാഹനം ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു. നെഞ്ചു പൊള്ളുന്ന വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കില്‍ നിന്ന് മോചിപ്പിക്കാന്‍ മാപ്പുനല്‍കി മാതൃകയാവുകയാണ് മലയാളി ദമ്പതികള്‍.
|
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന്‍ 22 മാസം മാത്രം പ്രായമുള്ള അലന്‍ റൂമി ആണ് ഈ മാസം 11ന് ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചത്. മകന്റെ മരണത്തില്‍ പരാതിയില്ലെന്ന് ഷറഫുദ്ദീനും സഫ്‌നയും പൊലീസിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
പിതാവിനെ കാണാന്‍ സന്ദര്‍ശക വിസയില്‍ ഉമ്മയോടൊപ്പം ഷാര്‍ജയില്‍ എത്തിയതായിരുന്നു അലന്‍. ‘ഫ്‌ലാറ്റിന് സമീപം മണല്‍ വിരിച്ച പാര്‍ക്കിങ് ഏരിയയില്‍ മാലിന്യം നിക്ഷേപിക്കാന്‍ പോയതായിരുന്നു സഫ്‌ന. കൂടെയുണ്ടായിരുന്ന അലന്‍ പെട്ടെന്ന് കയ്യില്‍ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍ കുട്ടി അതിനടിയില്‍പ്പെടുകയുമായിരുന്നു. എല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ഡ്രൈവര്‍ക്ക് കുട്ടിയെ കാണാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ, മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ – വിതുമ്പലോടെ ഷറഫുദ്ദീന്‍ പറഞ്ഞു.
അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന്‍ രക്ഷിക്കാനായില്ല. റമദാനും പെരുന്നാളും ഒന്നിച്ച് ആഘോഷിക്കാനും ഏപ്രില്‍ 23ന് അലന്റെ രണ്ടാം പിറന്നാള്‍ വിപുലമായി നടത്താനും പദ്ധതിയിട്ടിരിക്കെയാണ് ഈ ദുരന്തം.
മൃതദേഹം ദുബായില്‍ സംസ്‌കരിച്ച ശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങി. ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്ന് മടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ ഷാര്‍ജ പൊലീസിനെ അറിയിച്ചിരുന്നു. കേസ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.




