SIR Kerala final voter list സംസ്ഥാനത്ത് വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടികയില്‍ നിന്ന് 53,229 പേര്‍ ഒഴിവാക്കപ്പെടുമെന്ന് ഔദ്യോഗിക കണക്ക്. മരിച്ചവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കപ്പെടുകയെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറയുന്നത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് കണക്കുകളില്‍ വലിയ അന്തരമുണ്ട്. അന്തിമ വോട്ടര്‍പട്ടിക നാളെ പുറത്തിറങ്ങും.
|
നേരത്തേ 36,88,948 പേരുടെ ഹിയറിങ്ങ് നടത്തിയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ 2,69,53,644 പേരാണ് ഇടം പിടിച്ചത്. ഇതില്‍ 22,35,588 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 4,24,518 പുതിയ വോട്ടര്‍മാരാണുള്ളത്. 1,38,27,319 സ്ത്രീ വോട്ടര്‍മാരാണുള്ളത്. എസ്ഐആര്‍ നടപടിയുടെ ഭാഗമായി ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 24.08 ലക്ഷം പേരാണ് പുറത്തായിരുന്നത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുണ്ടായിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 30 ലക്ഷം കുറവ്
അതേസമയം വോട്ടര്‍ പട്ടികയില്‍ അര്‍ഹതപ്പെട്ടവര്‍ ഉണ്ടെന്ന് അനുമാനിക്കാര്‍ മാത്രമെ സാധിക്കുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.85 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 30 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. എത്ര പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവും എം വി ജയരാജന്‍ ഉന്നയിച്ചു. തളിപ്പറമ്പില്‍ ഷോപ്പിങ്ങ് മാളിലും വോട്ട് ചേര്‍ത്തിട്ടുണ്ടെന്നും തന്റെ വോട്ട് മാളിലാണ് ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ ഷോപ്പിംഗ് മാള്‍ അഡ്രസിലാണ് 220 പേരുടെ വോട്ട് ചേര്‍ക്കപ്പെട്ടത്. അതില്‍ 16 വോട്ട് ഒരു വീട്ടുപേരില്‍ ഉണ്ട്. വളരെ ഗൗരവമുള്ളതാണ് വിഷയമെന്നും എം വി ജയരാജന്‍ പറഞ്ഞു. മരിച്ചവരെ ഒഴിവാക്കിക്കോളൂ, എന്നാല്‍ 30 ലക്ഷത്തോളം പേരെ ഒഴിവാക്കിയത് പരിഹരിച്ചേ മതിയാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യാന്‍ ലഭിച്ച അപേക്ഷകളില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ചുരുങ്ങിയ സമയത്തിനകം 24,32139 അപേക്ഷകള്‍ വന്നതാണ് സംശയം പ്രകടിപ്പിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാവായ പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.




