23
Feb 2026
Mon
23 Feb 2026 Mon
El Mencho

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് മാഫിയ തലവന്മാരില്‍ ഒരാളായ നെമേസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (എല്‍ മെഞ്ചോ) കൊല്ലപ്പെട്ടു. ഞായറാഴ്ച ജലിസ്‌കോ പ്രവിശ്യയിലെ തപല്‍പയില്‍ വെച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗ്ഗം കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് മെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇയാളെ പിടികൂടുന്നവര്‍ക്ക് അമേരിക്ക 1.5 കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് വ്യാപക അക്രമം

എല്‍ മെഞ്ചോ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്‌സിക്കോയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ജലിസ്‌കോ, കോളിമ, മിചോക്കന്‍ തുടങ്ങി ആറിലധികം സംസ്ഥാനങ്ങളില്‍ ഗുണ്ടകള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഹൈവേകള്‍ ഉപരോധിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് വേദിയാകേണ്ട ജലിസ്‌കോയുടെ തലസ്ഥാനമായ ഗ്വാഡലജാര നഗരം അക്രമത്തെത്തുടര്‍ന്ന് വിജനമായി.

അക്രമസാഹചര്യം കണക്കിലെടുത്ത് ജലിസ്‌കോ ഗവര്‍ണര്‍ പാബ്ലോ ലെമസ് പൊതുഗതാഗതം നിര്‍ത്തിവെയ്ക്കുകയും ജനങ്ങളോട് വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തിങ്കളാഴ്ച പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ALSO READ: കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും അടിമുറുകുന്നു; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി ഡികെ

ആരാണ് എല്‍ മെഞ്ചോ?

ജലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (CJNG) എന്ന ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ക്രിമിനല്‍ സംഘത്തിന്റെ തലവനായിരുന്നു 59-കാരനായ ഒസെഗ്വേര. അമേരിക്കയിലേക്ക് കടത്തുന്ന കൊക്കെയ്ന്‍, ഹെറോയിന്‍, ഫെന്റനൈല്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ പ്രധാന ഉറവിടം ഇയാളുടെ സംഘമായിരുന്നു. പ്രശസ്ത മയക്കുമരുന്ന് മാഫിയ തലവന്‍മാരായ ‘എല്‍ ചാപ്പോ’ ഗുസ്മാന്‍, ഇസ്മായേല്‍ സംബാഡ എന്നിവരുടെ അറസ്റ്റിന് ശേഷം മെക്‌സിക്കോയില്‍ നിന്ന് പിടിക്കപ്പെടുന്ന ഏറ്റവും വലിയ മാഫിയ തലവനാണ് ഇയാള്‍.

മെക്‌സിക്കോയിലെയും യുഎസിലെയും അന്വേഷണ ഏജൻസികൾ തിരയുന്ന പിടികിട്ടാപ്പുള്ളികളിൽ ഏറ്റവും പ്രധാനപ്പെട്ടയാളാണ് എൽ മെൻചോ. സൈനിക ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടത് ഉൾപ്പെടെയുള്ള വൻ ആക്രമണങ്ങളും എൽ മെൻചോയുടെ നേതൃത്വത്തിൽ നേരത്തേ നടന്നിരുന്നു.

എൽ മെൻചോയെ വധിച്ചതിൽ യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അഭിനന്ദനം അറിയിച്ചു. ഏറ്റവും ക്രൂരനായ മയക്കുമരുന്ന് തലവന്മാരിൽ ഒരാളായിരുന്നു എൽ മെൻചോ എന്നും ഇത് മെക്‌സിക്കോയ്ക്കും യുഎസിനും ലാറ്റിൻ അമേരിക്കയ്ക്കും വലിയനേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ മുന്നറിയിപ്പുകള്‍

മെക്‌സിക്കോയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി. പല പ്രമുഖ എയര്‍ലൈനുകളും ഗ്വാഡലജാരയിലേക്കും പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്കും ഉള്ള വിമാനങ്ങള്‍ റദ്ദാക്കി. അക്രമം കുറയ്ക്കാന്‍ സൈന്യം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

എല്‍ മെഞ്ചോയുടെ മരണത്തോടെ കാര്‍ട്ടലിനുള്ളില്‍ അധികാരത്തിന് വേണ്ടിയുള്ള ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.