Supreme Court bans NCERT book എന്‍സിഇആര്‍ടിയുടെ (NCERT) എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ‘കോടതിയിലെ അഴിമതി’ (Corruption in judiciary) എന്ന വിവാദ അധ്യായം സുപ്രീം കോടതി നിരോധിച്ചു. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്താനുള്ള ആസൂത്രിതമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന് ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു.
|
‘കോടതി ഇന്ന് രക്തം ചിന്തുന്നു’
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ‘നീതിന്യായ വ്യവസ്ഥ ഇന്ന് രക്തം ചിന്തുകയാണ്, അവര്‍ വെടിയുതിര്‍ത്തു കഴിഞ്ഞു. ഇതിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം, ഞങ്ങള്‍ ഈ കേസ് അവസാനിപ്പിക്കില്ല. ഇത് തടയാതെ വിട്ടാല്‍ കോടതിയുടെ പവിത്രത തകരും,’ ബെഞ്ച് വ്യക്തമാക്കി.
ഇത് കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നും മനഃപൂര്‍വമാണെങ്കില്‍ നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ അധ്യായം നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി, എന്‍സിഇആര്‍ടി ഡയറക്ടര്‍ എന്നിവര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
വിവാദ പാഠഭാഗം പുറത്തിറക്കിയതിലെ ക്ഷമാപണം തള്ളിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. വാര്‍ത്താക്കുറിപ്പില്‍ ക്ഷമാപണത്തിന്റെ ഒരു വാക്ക് പോലുമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാദ പാഠഭാഗം ഉള്‍പ്പെട്ട പുസ്തകത്തിന് രാജ്യമാകെ സമ്പൂര്‍ണ്ണ നിരോധനം സുപ്രീംകോടതി ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ക്കും പുസ്തക ശാലകളിലേക്കും നല്‍കിയ പുസ്തകവും ഓണ്‍ലൈന്‍ പകര്‍പ്പും എന്‍സിഇആര്‍ടി ഉടന്‍ പിന്‍വലിക്കണം. പുസ്തകം പിന്‍വലിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെടണം. പുസ്തകം പിന്‍വലിച്ചുവെന്ന് സംസ്ഥാന വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉറപ്പാക്കണം. ഇടക്കാല ഉത്തരവ് നടപ്പാക്കിയെന്ന് എന്‍സിഇആര്‍ടിയും കേന്ദ്ര സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം അറിയിക്കണം. എന്‍സിഇആര്‍ടി ഡയറക്ടര്‍ക്കാണ് വിവാദ പാഠഭാഗത്തിന്റെ ഉത്തരവാദിത്തം. എന്‍സിഇആര്‍ടി പൊതുസമൂഹത്തോട് മാപ്പപേക്ഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എന്‍സിഇആര്‍ടി മാപ്പപേക്ഷിച്ചു
എന്‍സിഇആര്‍ടിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു. ഇതിന് ഉത്തരവാദിയായ വ്യക്തി ഇനി സ്ഥാപനവുമായി ബന്ധപ്പെടില്ലെന്നും പാഠപുസ്തകം വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. നീതി നിഷേധിക്കപ്പെടുന്നു എന്ന് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.
കോടതിയുടെ നിരീക്ഷണങ്ങള്‍
നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തെയും സംഭാവനകളെയും പാഠപുസ്തകം പാടേ അവഗണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കോടതി നടത്തുന്ന ഇടപെടലുകളെക്കുറിച്ചോ സൗജന്യ നിയമസഹായം പോലുള്ള പദ്ധതികളെക്കുറിച്ചോ പുസ്തകം പരാമര്‍ശിക്കുന്നില്ല.
‘ഭരണകൂടത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെപ്പോലും അഴിമതിയുടെ പേരില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. എന്നിട്ടും കോടതിയെക്കുറിച്ച് ഇത്തരമൊരു ചിത്രം നല്‍കുന്നത് ബോധപൂര്‍വമായ നീക്കമാണെന്ന് കരുതേണ്ടി വരും,’ കോടതി പറഞ്ഞു. ആരോഗ്യകരമായ വിമര്‍ശനങ്ങളെ തടയാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇളംതലമുറയുടെ മനസ്സില്‍ തെറ്റായ ധാരണകള്‍ പടര്‍ത്തുന്നത് തടയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പാഠപുസ്തകത്തിലെ വിവരങ്ങള്‍
എന്‍സിഇആര്‍ടി പുറത്തിറക്കിയ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ സുപ്രീം കോടതിയില്‍ 81,000 കേസുകളും ഹൈക്കോടതികളില്‍ 62.4 ലക്ഷം കേസുകളും കീഴ്‌ക്കോടതികളില്‍ 4.7 കോടി കേസുകളും കെട്ടിക്കിടക്കുന്നു എന്ന് രേഖപ്പെടുത്തിയിരുന്നു. 2017-നും 2021-നും ഇടയില്‍ കോടതികളിലെ അഴിമതിയുമായി ബന്ധപ്പെട്ട് 1,600 പരാതികള്‍ ലഭിച്ചതായും 2025 ജൂലൈയില്‍ മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അഴിമതിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും പുസ്തകത്തില്‍ ഉദ്ധരിച്ചിരുന്നു.



