റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ഇന്നു പുലര്‍ച്ചെ 4 മണിക്കാണ് മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത്. കാര്‍ മാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
|
ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി റെയില്‍വേ പൊലീസ് രേഖപ്പെടുത്തി. റെയില്‍വേ സിഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നാണ് ചോദിച്ചത്. പരാതി നല്‍കിയ മന്ത്രിയുടെ ഗണ്‍മാന്‍ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തി.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. സിസിടിവികളില്‍ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഇതുവരെ ലഭിച്ചില്ലെന്നാണ് വിവരം.
മന്ത്രിക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഉന്നതതല സംഘത്തെ നിയോഗിച്ച് കൂടുതല്‍ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ റെയില്‍വേ ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തീരുമാനിച്ചു.
മന്ത്രിയുടെ പരിക്കിന് കാരണം
എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം കഴുത്തിലെ കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കുകള്‍ രണ്ടിടങ്ങളില്‍ നാഡീ മൂലാഗ്രങ്ങളില്‍ അമര്‍ന്നുള്ള സമ്മര്‍ദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നത് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനം, പിടിച്ചു തള്ളല്‍, കഴുത്ത് പെട്ടന്ന് തിരിക്കല്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ഇത് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്.
വധശ്രമോ കഴുത്തുളുക്കിയതോ
മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന സിപിഎം ആരോപണത്തിന് ഇതുവരെയും തെളിവുകളില്ല. മന്ത്രിക്ക് മുന്‍പും കഴുത്തിന് പരുക്കേറ്റിട്ടുണ്ടെന്നാണ് കെപിസിസി അംഗം റിജില്‍ മാക്കുറ്റി സമൂഹ മാധ്യമത്തില്‍ മന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്. ഇതേ വാദം തന്നെയാണ് കോണ്‍ഗ്രസിലെ പലരും ഉന്നയിക്കുന്നത്. പണ്ട് സംഭവിച്ച പരുക്കിന്റെ വേദന ഇളകിയതോ ഉളുക്കിയതോ ആകാം എന്നാണ് കോണ്‍ഗ്രസില്‍ ചിലര്‍ പറയുന്നത്.
മന്ത്രിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവിടാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ വെല്ലുവിളിച്ചു. ദൃശ്യം പുറത്തുവിട്ടാല്‍ ഒരു പവന്‍ സ്വര്‍ണമാണ് യൂത്ത് കോണ്‍ഗ്രസ് സമ്മാനം പ്രഖ്യാപിച്ചത്.
ദൃശ്യത്തില്‍ മന്ത്രിയുടെ സമീപത്ത് കാണുന്ന കറുത്ത തുണി കെഎസ് യു പ്രവര്‍ത്തകരുടെ കൈയിലുള്ള കരിങ്കൊടിയാണെന്ന് സിപിഎം ആരോപിക്കുമ്പോള്‍ അത് ഗണ്‍മാന്റെ വസ്ത്രമാണെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.




