04
Mar 2026
Wed
04 Mar 2026 Wed
qatar

ഖത്തറില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിനായി ചാര പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് പത്ത് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ ഏഴ് പേര്‍ രാജ്യത്തെ പ്രധാന സൈനിക സിവില്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്ന ചാരപ്രവര്‍ത്തനങ്ങളിലും, മൂന്ന് പേര്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള അട്ടിമറി നീക്കങ്ങള്‍ക്കുമാണ് നിയോഗിക്കപ്പെട്ടിരുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ മാപ്പുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രതികള്‍ അന്വേഷണത്തില്‍ സമ്മതിച്ചതായാണ് റിപോര്‍ട്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജനങ്ങളുടെ പങ്കും വലുതാണെന്ന് ഓര്‍മ്മിപ്പിച്ച അധികൃതര്‍, സംശയാസ്പദമായ സാഹചര്യങ്ങളോ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വിവരമറിയിക്കണമെന്നും അഭ്യര്‍ഥിച്ചു.

എന്നാല്‍, ഖത്തറില്‍ മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ചിലരെ പിടികൂടിയതായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുദ്ധ സാഹചര്യം ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ അട്ടിമറി നടത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

അതേസമയം, രാജ്യത്ത് വ്യോമപാത നിലവില്‍ തുറക്കാത്തതിനാല്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതു ബന്ധപ്പെട്ട അടുത്ത അപ്ഡേറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നല്‍കുമെന്നും അധകൃതര്‍ അറിയിച്ചു.