05
Mar 2026
Thu
05 Mar 2026 Thu
Pavan Khera and Modi

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിഥിയായെത്തിയ ഇറാന്റെ യുദ്ധക്കപ്പലിനെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ആക്രമിച്ച യു.എസ് സൈനിക നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, തങ്ങളുടെ അതിഥിയായെത്തിയ കപ്പല്‍ ആക്രമിക്കപ്പെട്ടിട്ടും പ്രതികരിക്കാത്തതിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുപ്രധാന സുരക്ഷാ പങ്കാളിയും മേഖലയില്‍ സ്ഥിരത രൂപപ്പെടുത്താന്‍ കഴിവുള്ളവരുമാണ് ഇന്ത്യന്‍ നാവികസേനയെന്ന മോദിയുടെ ‘മഹാസാഗര്‍’ പദ്ധതി, അദ്ദേഹം പ്രഖ്യാപിക്കുന്ന മറ്റു പലതും പോലെ മണ്ടത്തരമാണെന്ന് തെളിഞ്ഞതായി പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

‘ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കാവല്‍ക്കാരനായി ഇന്ത്യന്‍ നാവികസേന നിലകൊള്ളുന്നു’ എന്ന അടിക്കുറിപ്പോടെ 2005 ഒക്ടോബര്‍ 20ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്യുന്നത് പരിഗണിക്കണം. നമ്മുടെ സമുദ്ര പരിസരത്ത് യാതൊരു പ്രത്യാഘാതവുമില്ലാതെ മാരക ആക്രമണം നടത്താന്‍ കഴിയുമെന്നാണ് ഈ കപ്പലാക്രമണത്തിലൂടെ യു.എസ് തെളിയിച്ചത്. ഇത്തരത്തിലൊരു നീക്കം ദക്ഷിണ ചൈനാ കടലില്‍ പ്രയോഗിക്കാന്‍ അമേരിക്ക ഒരിക്കലും ധൈര്യപ്പെടില്ല. ഇന്ത്യ അമേരിക്കയ്ക്കും ഇസ്രായേലിനും വഴങ്ങിയിരിക്കുകയാണ്. നമ്മുടെ മൂക്കിനു താഴെ അവര്‍ക്ക് വേണ്ടത് ചെയ്യാനും ഒരെതിര്‍പ്പും കൂടാതെ എളുപ്പം രക്ഷപ്പെടാനും കഴിയും. ഇന്നലത്തെ ആക്രമണം ഇറാനെ ലക്ഷ്യം വച്ചായിരുന്നു – പക്ഷേ അത് ഇന്ത്യയെ നിസ്സാരവല്‍ക്കരിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തു. യുദ്ധം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ പടിവാതില്‍ക്കലാണ്, മോദിയുടെ നിശബ്ദത ദേശവിരുദ്ധമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാനിയന്‍ നാവികസേനയുടെ മൗഡ്ജ്-ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേനക്ക് നേരെയാണ് ശ്രീലങ്കന്‍ തീരത്ത് ആക്രമണം നടന്നത്. ശ്രീലങ്കന്‍ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് 87 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 32 പേരെ രക്ഷപ്പെടുത്തി ചികിത്സയില്‍ പ്രവേശിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 പേരില്‍ 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്ന് സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനു നേരെ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍നിന്നാണ് ‘ടോര്‍പിഡോ’ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 25ന് ബംഗാള്‍ ഉള്‍ക്കടലില്‍ സമാപിച്ച ‘ഇന്റര്‍നാഷനല്‍ ഫ്‌ലീറ്റ് റിവ്യൂ 2026’ ല്‍ പങ്കെടുത്ത ശേഷമാണ് ഇറാനിയന്‍ കപ്പല്‍ മടക്കയാത്ര ആരംഭിച്ചത്.

പ്രാദേശിക സമയം പുലര്‍ച്ചെ 5.30ഓടെ ഗാലെ നഗരത്തില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലില്‍ നിന്ന് അപായസന്ദേശം ലഭിച്ചത്. ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സോണില്‍ സഹായം നല്‍കുകയാണെന്ന് ശ്രീലങ്കന്‍ നാവികസേനാ വക്താവ് കമാന്‍ഡര്‍ ബുദ്ധിക സമ്പത്ത് പറഞ്ഞു.