പാട്‌ന: ബിഹാറിലെ മധുബനി ജില്ലയില്‍ നോമ്പുകാരിയായ യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാക്കി കൊലപ്പെടുത്തി. അന്ധരാതാര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് റോഷന്‍ ഖാത്തൂന്‍ എന്ന യുവതിയെ മോഷണക്കുറ്റം ആരോച്ച് അതിക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
|
റോഷന്‍ ഖാത്തൂന്‍ ഒരു വീട്ടില്‍ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ അവരെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് യുവതിയെ മാരകമായി മര്‍ദിക്കുകയായിരുന്നു. ബോധരഹിതയായ അവരെ പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഈ സംഭവത്തില്‍ യുവതിയുടെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് കേവലം ഒരു ആള്‍ക്കൂട്ടാക്രമണമല്ലെന്നും മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും അവര്‍ ആരോപിച്ചു. മര്‍ദ്ദനത്തിനിടെ നോമ്പുകാരിയായ യുവതിയെ മൂത്രവും മദ്യവും കുടിപ്പിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.




