വാഷിങ്ടണ്‍: അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഇറാന്റെ ഡ്രോണ്‍ ആക്രമണ സാധ്യതയുണ്ടെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) മുന്നറിയിപ്പ്. കാലിഫോര്‍ണിയയിലെ പോലീസ് വിഭാഗങ്ങള്‍ക്ക് ഇതു സംബന്ധമായി റെഡ് അലര്‍ട്ട് നല്‍കി.
|
അമേരിക്കയുടെ മണ്ണില്‍, പ്രത്യേകിച്ച് കാലിഫോര്‍ണിയന്‍ തീരത്ത് അപ്രതീക്ഷിത ആക്രമണം നടത്താന്‍ ഇറാന്‍ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. കടലില്‍ കപ്പലുകളിലോ ബോട്ടുകളിലോ ഡ്രോണുകള്‍ സജ്ജമാക്കി അമേരിക്കന്‍ തീരപ്രദേശങ്ങളെ ആക്രമിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയാല്‍ അതിന് പ്രതികാരമായി ഇത്തരമൊരു ‘സര്‍പ്രൈസ് അറ്റാക്ക്’ നടത്താന്‍ 2026 ഫെബ്രുവരി മുതല്‍ തന്നെ നീക്കങ്ങള്‍ നടന്നിരുന്നതായാണ് എഫ്ബിഐ നല്‍കുന്ന സൂചന.
പസഫിക് സമുദ്രത്തിലൂടെ കപ്പലുകള്‍ വഴി ഡ്രോണുകള്‍ അമേരിക്കന്‍ തീരത്തിന് അടുത്തേക്ക് എത്തിക്കാനുള്ള സാധ്യതയാണ് രഹസ്യാന്വേഷണ വിഭാഗം പ്രധാനമായും കാണുന്നതെന്നാണ് എബിസി ന്യൂസിന്റെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ മേഖലയില്‍ പട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ആക്രമണം എപ്പോള്‍ നടക്കുമെന്നോ ഏതൊക്കെ സ്ഥലങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നോ ഉള്ള കൃത്യമായ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. ട്രംപ് ഭരണകൂടം ഇറാനെതിരെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറത്തുവരുന്നത്.
ALSO READ: ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സെയ്ദ് അന്തരിച്ചു
അതേസമയം, കഴിഞ്ഞ 12 ദിവസമായി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ബോംബാക്രമണങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ വാഹിനികള്‍ക്കും സൈനിക ശേഷിക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇത്തരമൊരു ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി കുറഞ്ഞിരിക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ട്. എങ്കിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ലോസ് ആഞ്ചലസ് പോലീസും ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റും അതീവ ജാഗ്രതയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധനാലയങ്ങളിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസത്തിന്റെ ഓഫീസും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രാദേശിക-ഫെഡറല്‍ ഏജന്‍സികളുമായി ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
എഫ്ബിഐ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം വ്യക്തമാക്കി. ലഭ്യമായ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ലെന്നും അടിയന്തരമായ ഒരു ഭീഷണി സംസ്ഥാനത്തിന് മുന്നിലില്ലെന്നും അദ്ദേഹം ബുധനാഴ്ച അറിയിച്ചു. എങ്കിലും മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് അതീവ ജാഗ്രത തുടരുന്നുണ്ടെന്ന് ഗവര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അതിനിടെ, വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ വിഷയത്തില്‍ പ്രതികരിച്ചു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്കുള്ളിലെ ഇറാനിയന്‍ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.




