റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 581 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അംബാനിയുടെ കമ്പനികളായ ആര്‍.എച്ച്.എഫ്.എല്‍, ആര്‍.സി.എഫ്.എല്‍ എന്നിവയ്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
|
ഗോവ, കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഭൂമിയാണ് കണ്ടുകെട്ടുന്നത്. ഇതിനായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു.
ഫോറിന്‍ എക്സചേഞ്ച് മാനേജ്മെന്റ് പ്രകാരം റിലയന്‍സ് പവര്‍ ലിമിറ്റഡിനെതിരായ കേസില്‍ മാര്‍ച്ച് ആറിന് നടത്തിയ തിരച്ചില്‍ നടപടിയെ തുടര്‍ന്നാണ് കണ്ടുകെട്ടലെന്നും പ്രസ്താവനയില്‍ പറയുന്നു.
ALSO READ: ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു വീണു; ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ കടുത്ത തിരിച്ചടി
റിലയന്‍സ് ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ നേരത്തെയും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഗ്രൂപ്പിന്റെ മൊത്തം അറ്റാച്ച്മെന്റ് 16,310 കോടിയിലെത്തിയതായും ഇ.ഡി അറിയിച്ചു.
യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ആര്‍.സി.എഫ്.എല്ലിനും ആര്‍.എച്ച്.എഫ്എല്ലിനുമെതിരെ സി.ബി.ഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രണ്ട് കമ്പനികളും ഒന്നിലധികം ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പൊതു ഫണ്ട് സ്വരൂപിച്ചുവെന്നും ഈ ഫണ്ടുകളില്‍ 11,000 കോടിയിലധികം രൂപ നിഷ്‌ക്രിയ ആസ്തികളായി മാറിയെന്നും ഇ.ഡി പറഞ്ഞു.
ആര്‍.എച്ച്.എഫ്.എല്ലും ആര്‍.സി.എഫ്.എല്ലും സ്വരൂപിച്ച പൊതു ഫണ്ട് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് തുടങ്ങിയ വിവിധ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലേക്ക് ‘വഴിതിരിച്ചുവിട്ടു’.
റിലയന്‍സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഷെല്‍ (ഡമ്മി ) സ്ഥാപനങ്ങള്‍ വഴിയാണ് ഫണ്ട് വഴിതിരിച്ച് വിട്ടത്. ഗ്രൂപ്പിന്റെ പ്രധാന വ്യക്തികളുടെ ഭാഗത്ത് നിന്ന് ദുരുദ്ദേശമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വാദം.




