15
Mar 2026
Sun
15 Mar 2026 Sun
e aboobacker

ന്യൂഡല്‍ഹി: ഭീകരവാദ വിരുദ്ധ നിയമപ്രകാരം (UAPA) അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ചികിത്സാ ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി ദേശീയ അന്വേഷണ ഏജന്‍സിയുടെ (NIA) മറുപടി തേടി. സ്വന്തം ചിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ അനുവദിക്കണമെന്ന അബൂബക്കറിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ നോട്ടീസ് അയച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലോ തനിക്ക് താല്‍പ്പര്യമുള്ള മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലോ സ്വന്തം ചിലവില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ശാരീരികമായി അവശത അനുഭവിക്കുന്നതിനാല്‍ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ ആശുപത്രിയില്‍ സഹായിയായി നില്‍ക്കാന്‍ ഒരു കുടുംബാംഗത്തെ അനുവദിക്കണം.

ചികിത്സാ നടപടികളില്‍ ഡല്‍ഹി ആംഡ് പോലീസ് (DAP) ഇടപെടുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്.

എയിംസിലെ (AIIMS) ദുരനുഭവം

നിലവില്‍ ഡല്‍ഹി എയിംസിലാണ് ഇ. അബൂബക്കറിന്റെ ചികിത്സ നടക്കുന്നത്. എന്നാല്‍ എയിംസിലെ അനുഭവം വളരെ മോശമാണെന്ന് അഡ്വ. അബ്ദുല്‍ ഷുക്കൂര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ALSO READ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഒറ്റയ്ക്ക് മല്‍സരിക്കും; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി

‘ജാമ്യം നേടുന്നതിനായി അസുഖം അഭിനയിക്കുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തന്നെ അപമാനിച്ചു. കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാലുടന്‍ തടവുകാര്‍ ആശുപത്രിയിലേക്ക് ചാടുകയാണെന്നും അധികൃതരെ പരിഹസിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പരിഹസിച്ചു,’ എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇത്തരത്തിലുള്ള പെരുമാറ്റം മെഡിക്കല്‍ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും രോഗിയുടെ നിയമപരമായ പദവി നോക്കാതെ മാനുഷികമായ പരിഗണന നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും അബൂബക്കര്‍ ചൂണ്ടിക്കാട്ടി.

2022-ല്‍ പിഎഫ്ഐയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി നടന്ന റെയ്ഡിലാണ് ഇ. അബൂബക്കര്‍ അറസ്റ്റിലായത്. അബൂബക്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് കൂടുതല്‍ വാദത്തിനായി മാര്‍ച്ച് 20-ലേക്ക് മാറ്റി.

അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം

ഇ.അബൂബക്കര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം ഈയിടെ അറിയിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

നെഞ്ചിലെ അണുബാധയും കടുത്ത ചുമയുമുണ്ട്. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലും മാറിക്കൊണ്ടിരിക്കുകയാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞിരിക്കുകയാണെന്നും മകള്‍ പറഞ്ഞു. പിതാവിന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാനും രോഗശമനത്തിനും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ആരോഗ്യപരമായ ആശങ്കകള്‍ കാരണം ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ ഐസിസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായും കുടുംബം ആരോപിച്ചിരുന്നു.

2022 സെപ്റ്റംബര്‍ 22 ന് പുലര്‍ച്ചെയാണ് ഇ അബൂബക്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അന്നനാളത്തിലെ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അറസ്റ്റ്. വിചാരണ പോലും ആരംഭിക്കാതെ 74 കാരനായ ഇ അബൂബക്കര്‍ രോഗാവസ്ഥയില്‍ നാല് കൊല്ലത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

കസ്റ്റഡിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കുടുംബം പറയുന്നു. ‘അദ്ദേഹം ദിനംപ്രതി ദുര്‍ബലനായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ശരിയായ ഭക്ഷണക്രമം ലഭ്യമല്ലാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവും അനുഭവപ്പെടുന്നു,’ ഭാര്യ ആമിന പ്രസ്താവനയില്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എയിംസില്‍ നിന്നുള്ള 10 ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെങ്കിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുന്നതിന് അടിസ്ഥാനമായി ഈ റിപ്പോര്‍ട്ട് മാറി. അബൂബക്കര്‍ പിന്നീട് എയിംസില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതുകയും ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി തേടി കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതായി കുടുംബം നേരത്തെ അറിയിച്ചിരുന്നു.