തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സീറ്റുകളിലടക്കം മൂന്ന് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫയും താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും മത്സരിക്കും. കാസര്‍കോട് ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും.
|
മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് താനൂരിലെ സ്ഥാനാര്‍ത്ഥിയായ പി മുഹമ്മദ് സമീര്‍.
താനൂരിലും വള്ളിക്കുന്നിലും ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാര്‍ത്ഥികള്‍ കണ്ടെത്താനായിരുന്നില്ല. മന്ത്രി വി അബ്ദുറഹ്‌മാന്‍ തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ ഒഴിവ് വന്നത്. നാഷണല്‍ ലീഗിന് നല്‍കിയ വള്ളിക്കുന്ന് സീറ്റിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
താനൂരിലും വള്ളിക്കുന്നിലും ചില ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ സിപിഎം സമീപിച്ചിരുന്നു. അതേ സമയം, മങ്കടയിലെ ലീഗ് വിമതന്‍ കുന്നത്ത് മുഹമ്മദ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. മങ്കടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംപി അലവിയെ മാറ്റി മുഹമ്മദിനെ പിന്തുണയ്ക്കാന്‍ സിപിഎം നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്നുതന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.





