22
Mar 2026
Sun
22 Mar 2026 Sun
Iranian ballistic missile strike in the southern city of Arad

യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇസ്രായേലിന്റെ പ്രധാന ആണവ നിലയം സ്ഥിതി ചെയ്യുന്ന ഡിമോണ (Dimona) നഗരത്തിനും സമീപത്തെ ആരാദിനും (Arad) നേരെ ശനിയാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ആക്രമണത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ അവകാശപ്പെട്ടു.

ഇസ്രായേലിന്റെ ആണവ പദ്ധതിയുട കേന്ദ്രമായ ഡിമോണയില്‍ മൂന്ന് മിസൈലുകള്‍ പതിച്ചു. ആക്രമണത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 വയസ്സുള്ള ഒരു ബാലന്റെ നില അതീവ ഗുരുതരമാണ്. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ന്നു.

തൊട്ടടുത്തുള്ള അരാദ് നഗരമധ്യത്തിലുണ്ടായ മിസൈല്‍ സ്‌ഫോടനത്തില്‍ 88 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.

ഡിമോണയിലെ ഷിമോണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി സൂചനയില്ലെന്നും മേഖലയില്‍ റേഡിയേഷന്‍ വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) അറിയിച്ചു.

തിരിച്ചടിയെന്ന് ഇറാന്‍

ശനിയാഴ്ച രാവിലെ ഇറാന്റെ നതാന്‍സ് ആണവ സംസ്‌കരണ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ഡിമോണയെ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും പരസ്പരം ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്ന അപകടകരമായ രീതിയിലേക്ക് യുദ്ധം മാറിയിരിക്കുകയാണ്.

ഇറാന്റെ മിസൈലുകളെ തടയുന്നതില്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഭാഗികമായി പരാജയപ്പെട്ടുവെന്ന് സൈനിക വക്താവ് സമ്മതിച്ചു. നൂറുകണക്കിന് കിലോ ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ വഹിച്ച ബാലിസ്റ്റിക് മിസൈലുകളാണ് നഗരങ്ങളില്‍ പതിച്ചത്.

കഠിനമായ രാത്രിയെന്ന് നെതന്യാഹു

missle impact in Arad

ഇസ്രായേലിന് ഇത് കഠിനമായ രാത്രിയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇറാനെതിരായ ആക്രമണം തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ ഇറാനില്‍ 200 കുട്ടികള്‍ ഉള്‍പ്പെടെ 1,500-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തെഹ്റാനിലെ മാലിക് അഷ്തര്‍ സര്‍വ്വകലാശാലയിലുള്ള ഗവേഷണ കേന്ദ്രം ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു.

200ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് ഐആര്‍ജിസി

ഇസ്രായേലിലെ പ്രധാന നഗരങ്ങളിലും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍-സഖ്യകക്ഷി സൈനിക താവളങ്ങളിലും ശക്തമായ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു. ഈ ആക്രമണങ്ങളില്‍ 200-ലധികം പേര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ അവകാശപ്പെടുന്നു.

ആക്രമണം നടന്ന പ്രധാന സ്ഥലങ്ങള്‍

ഇസ്രായേല്‍ നഗരങ്ങള്‍: അരാദ് (Arad), എയ്‌ലാത്ത് (Eilat), ബീര്‍ഷെബ (Beersheba), കിര്യാത് ഗാറ്റ് (Kiryat Gat) എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും സുരക്ഷാ താവളങ്ങളെയുമാണ് ഇറാന്‍ ലക്ഷ്യമിട്ടത്.

ഗള്‍ഫ് താവളങ്ങള്‍: കുവൈറ്റിലെ അലി അല്‍ സലേം ബേസ്, യുണൈറ്റഡ് അറബ് എമിറേറ്റിലെ (UAE) അല്‍ മിന്‍ഹാദ്, അല്‍ ദാഫ്ര എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയതായി IRGC അറിയിച്ചു.

ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും, ഇസ്രായേല്‍ ഇത് നിഷേധിച്ചു. തങ്ങളുടെ ഭാഗത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

എങ്കിലും പരിക്കേറ്റവരുടെ എണ്ണത്തില്‍ ഇസ്രായേല്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്:

അറദ് നഗരത്തിലുണ്ടായ സ്‌ഫോടനങ്ങളില്‍ 88 പേര്‍ക്ക് പരിക്കേറ്റു. ഡിമോണയില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഹോര്‍മുസ് തുറക്കാന്‍ ട്രംപിന്റെ ഭീഷണി

ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഊർജ്ജ നിലയങ്ങൾ (Power Plants) പൂർണ്ണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുകയാണെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.