25
Mar 2026
Wed
25 Mar 2026 Wed
Robert pape

ഇറാന്‍-അമേരിക്ക യുദ്ധം ലോകം ഇതുവരെ ഭയപ്പെട്ട ഏറ്റവും വലിയ സാമ്പത്തിക-സൈനിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധനും വൈറ്റ് ഹൗസ് മുന്‍ ഉപദേശകനുമായ പ്രൊഫസര്‍ റോബര്‍ട്ട് പേപ്പ്. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ട്രംപ് ഭരണകൂടത്തിന് നേരിടാന്‍ പോകുന്ന തിരിച്ചടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്‌കലേഷന്‍ ട്രാപ്പ് (Escalation Trap)

ട്രംപ് ഇപ്പോള്‍ ഒരു ‘യുദ്ധക്കെണിയില്‍’ അകപ്പെട്ടിരിക്കുകയാണ്. ബോംബാക്രമണങ്ങളിലൂടെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതും നേതാക്കളെ കൊല്ലുന്നതും സൈനിക വിജയമായി തോന്നാമെങ്കിലും, ഇറാനില്‍ ഭരണമാറ്റം എന്ന ലക്ഷ്യം നേടാന്‍ ഇതിന് സാധിക്കില്ല. ഈ പരാജയം മറയ്ക്കാന്‍ അമേരിക്ക കൂടുതല്‍ സൈന്യത്തെ ഇറക്കുകയും യുദ്ധം വ്യാപിപ്പിക്കുകയും ചെയ്യും. ഇതാണ് ‘എസ്‌കലേഷന്‍ ട്രാപ്പ്’.

മറീനുകളുടെ വരവ്

ആക്രമണം അഞ്ച് ദിവസത്തേക്ക് കുറയ്ക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വെറും സമയം നീട്ടിക്കൊണ്ടുപോകല്‍ (Stalling) മാത്രമാണ്. അമേരിക്കന്‍ മറീനുകളുമായി വരുന്ന യുദ്ധക്കപ്പലുകള്‍ ഇപ്പോഴും ഇറാന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവ തിരിച്ചുവിളിക്കാത്തടത്തോളം കാലം സമാധാന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണയുടെ ആധിപത്യം (Oil Hegemon)

യുദ്ധം നീണ്ടുപോയാല്‍ ഇറാന്‍ മേഖലയിലെ എണ്ണ വിതരണത്തിന് മേല്‍ പൂര്‍ണ്ണ നിയന്ത്രണം നേടും. ഇത് ലോകം ഇതുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) നയിക്കും. ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഈ മുന്നറിയിപ്പ് നല്‍കിത്തുടങ്ങിയെന്ന് പേപ്പ് പറഞ്ഞു.

ഇസ്രായേലിനെ നിയന്ത്രിക്കണം

നിലവിലെ സാഹചര്യം ശാന്തമാക്കാന്‍ ഇസ്രായേലിനെ സൈനികമായി നിയന്ത്രിക്കുക എന്നതല്ലാതെ മറ്റ് വഴികളില്ല. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പലതവണ ലംഘിച്ചതായും ഇറാനിയന്‍ ചര്‍ച്ചാ പ്രതിനിധിയെ കൊലപ്പെടുത്തിയത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

’50 വര്‍ഷമായി അമേരിക്ക ഭയപ്പെട്ടിരുന്ന ‘ഓയില്‍ ഹെജിമണ്‍’ (എണ്ണയുടെ ആധിപത്യം) എന്ന പദവിയിലേക്ക് ഇതോടെ ഇറാന്‍ എത്തും. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ നയങ്ങള്‍ ഇസ്രായേലിന് വേണ്ടിയാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ആധിപത്യം തടയുക എന്നതായിരുന്നു വാഷിംഗ്ടണിന്റെ ലക്ഷ്യം. എന്നാല്‍ ഇന്നത്തെ സാഹചര്യം ഇറാനാണ് എല്ലാ മേല്‍ക്കൈയും നല്‍കുന്നത്,’ റോബര്‍ട്ട് പേപ്പ് വ്യക്തമാക്കി.