തിരുവനന്തപുരം: സംസ്ഥാനത്ത് ഖരമാലിന്യ പരിപാലനം ഏപ്രില്‍ ഒന്നുമുതല്‍ കര്‍ശനമാക്കുന്നു. വീടുകളില്‍തന്നെ മാലിന്യം നാലായി തരംതിരിക്കണമെന്ന് പുതുതായി നടപ്പില്‍ വരുത്തുന്ന ചട്ടത്തില്‍ വ്യക്തമാക്കുന്നു. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ ചട്ടങ്ങളും സുപ്രീംകോടതി വിധിയും നടപ്പാക്കാനാണ് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട മേല്‍നോട്ട ചുമതല ജില്ല കലക്ടര്‍മാര്‍ക്കാണ്.
|
‘മലിനമാക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കണം’
മാലിന്യ സംസ്‌കരണത്തില്‍ രജിസ്ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുക, തെറ്റായ റിപ്പോര്‍ട്ട് നല്‍കുക, വ്യാജ രേഖകള്‍ സമര്‍പ്പിക്കുക, അശാസ്ത്രീയ സംസ്‌കരണ രീതികള്‍ എന്നിവക്ക് പിഴ ഈടാക്കും. ‘മലിനമാക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കണം’ എന്ന വ്യവസ്ഥ അനുസരിച്ചാണിത്. മലിനീകരണ നിയന്ത്രണ ബോര്‍ഡും പൊലീസ് ഉള്‍പ്പെടെ മലിനീകരണ നിയന്ത്രണ ഏജന്‍സികളാണ് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കുക.
‘കര്‍ശന നിര്‍ദേശം വേണം’
മാലിന്യക്കൂമ്പാരങ്ങളും സുരക്ഷാ മാനദണ്ഡം പാലിക്കാത്ത നിക്ഷേപ കേന്ദ്രങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കുബിസ്വാള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ സെക്രട്ടറിമാര്‍ ഇതിനായി സമയ ആക്ഷന്‍പ്ലാന്‍ തയാറാക്കണം. തദ്ദേശ ജനപ്രതിനിധികള്‍ ഉറവിട മാലിന്യ സംസ്‌കരണത്തില്‍ സഹായികളാകണം.
‘ഉറവിടത്തില്‍ തന്നെ നാലാക്കണം’
ഇതുവരെ ജൈവ-അജൈവ എന്ന രീതിയിലാണ് മാലിന്യങ്ങള്‍ തരംതിരിച്ചിരുന്നത്. ഇനി ഉറവിടത്തില്‍തന്നെ ഖരമാലിന്യങ്ങളെ ഈര്‍പ്പമുള്ള മാലിന്യം, വരണ്ട മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ തരംതിരിക്കണം. അടുക്കള മാലിന്യം ഉള്‍പ്പെടെ ഈര്‍പ്പമുള്ളവ കമ്പോസ്റ്റിങ് വഴി സംസ്‌കരിക്കണം. വരണ്ട മാലിന്യം മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികള്‍ക്ക് കൈമാറണം. സാനിറ്ററി മാലിന്യം പ്രത്യേകം പൊതിഞ്ഞ് കൈമാറണം. ‘പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങള്‍’ അംഗീകൃത ഏജന്‍സികളിലൂടെ ശേഖരിക്കണം.



