06
Mar 2026
Tue
06 Mar 2026 Tue
israel death penalty

തെല്‍ അവീവ്: അനധികൃതമായി തടവിലിട്ട ഫലസ്തീനി പൗരന്‍മാരെ തൂക്കിലേറ്റാന്‍ നിയമം പാസാക്കി ഇസ്രായേല്‍. ഇസ്രായേല്‍ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാന്‍ അനുമതി നല്‍കുന്ന നിയമമാണ് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് പാസാക്കിയത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യകക്ഷിയായ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഈ നീക്കം. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 120 അംഗ സഭയില്‍ 62 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നിയമപ്രകാരം ‘ഇസ്രായേലിന്റെ നിലനില്‍പ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തുന്ന’വരെ തൂക്കിക്കൊല്ലും. ഈ നിയമം ഫലസ്തീനികളെയും ഇസ്രായേലിലെ അറബ് വംശജരെയുമാണ് ലക്ഷ്യമിടുന്നത്. സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജൂത വംശജര്‍ക്ക് ഈ ശിക്ഷ ബാധകമാകില്ല.

വധശിക്ഷ വിധിക്കപ്പെട്ടാല്‍ 90 ദിവസത്തിനുള്ളില്‍ തൂക്കിലേറ്റും, വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇളവിനായി അപേക്ഷിക്കാന്‍ അവകാശമുണ്ടാവില്ല തുടങ്ങിയ കര്‍ശന ഉപാധികളുമുണ്ട്. പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളില്‍ വിചാരണ നേരിടുന്ന ഫലസ്തീനികള്‍ക്ക് കനത്ത തിരിച്ചടിയാകും.

നിയമത്തിനെതിരേ വന്‍ പ്രതിഷേധം

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും വംശീയ വിവേചനമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ നിയമത്തിനെതിരെ ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും കനത്ത പ്രതിഷേധവുമായി രംഗത്തെത്തി.

ഗസ്സയിലെ വംശഹത്യയുടെ നിഴലില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിയമം വരുന്നത്. ഇതിനെതിരെ ഇസ്രായേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഫലസ്തീന്‍ അതോറിറ്റിയും ഹമാസും:

ഇസ്രായേലിന്റെ ഈ നീക്കം അപകടകരമായ പ്രകോപനമാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഇസ്രായേലിന്റെ പുച്ഛമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ തടവുകാരെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസും ഉടന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ (UN):

വധശിക്ഷാ നിയമം ഉടനടി റദ്ദാക്കാന്‍ യുഎന്‍ മനുഷ്യാവകാശ ഓഫീസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. വംശീയ വേര്‍തിരിവും വര്‍ണ്ണവിവേചനവും ഉറപ്പിക്കുന്നതാണ് ഈ നിയമമെന്നും ഇത് വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്ക് മാത്രം ബാധകമാകുന്നത് ക്രൂരമാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.

ആംനസ്റ്റി ഇന്റര്‍നാഷണല്‍:

ഇസ്രായേലിന്റെ ഈ നടപടിയെ ‘ക്രൂരതയുടെ പരസ്യപ്രകടനം’ എന്നാണ് ആംനസ്റ്റി വിശേഷിപ്പിച്ചത്. ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട ഇസ്രായേല്‍ സൈനികര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഫലസ്തീനികളെ കൊല്ലാന്‍ നിയമം നിര്‍മ്മിക്കുന്നതെന്ന് സംഘടന വിമര്‍ശിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍:

ധശിക്ഷയോടുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിച്ച അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി ഹെലന്‍ മക്എന്‍ടീ, ഈ നിയമം ഫലസ്തീനികള്‍ക്കെതിരെ മാത്രം പ്രയോഗിക്കുന്നത് വിവേചനപരമാണെന്ന് പറഞ്ഞു.

ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഈ ബില്ല് പിന്‍വലിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നതായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി വെളിപ്പെടുത്തി.

കൗണ്‍സില്‍ ഓഫ് യൂറോപ്പ്:

ഇതൊരു വലിയ പിന്നോട്ടടിയാണെന്നും ആധുനിക മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത നിയമമാണിതെന്നും കൗണ്‍സില്‍ ഓഫ് യൂറോപ്പ് സെക്രട്ടറി ജനറല്‍ അലൈന്‍ ബെര്‍സെറ്റ് പറഞ്ഞു.

9000 ലേറെ ഫലസ്തീന്‍ തടവുകാര്‍

നിലവില്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്:
9,000-ത്തിലധികം പേര്‍ (ഇതില്‍ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളവരും ഗസ്സയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു) നിലവില്‍ ഇസ്രായേല്‍ തടവിലുണ്ടെന്നാണ് കണക്ക്.

വിചാരണയോ കുറ്റപത്രമോ ഇല്ലാതെ 3,400-ലധികം പേരും 250-ഓളം ഫലസ്തീനിയന്‍ കുട്ടികളും ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാഷ്ട്രീയ തടവുകാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരെ വധശിക്ഷ പ്രയോഗിക്കാന്‍ ഇസ്രായേലിന് സാധിക്കുമെന്നതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.