01
Apr 2026
Wed
01 Apr 2026 Wed
cicada covid variant

Covid variant cicada  വാഷിങ്ടണ്‍: ആഗോളതലത്തില്‍ ഭീതി ജനിപ്പിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘സിക്കാഡ’ (BA.3.2) അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുള്‍പ്പെടെ 23-ലധികം രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി 70-ലധികം ജനിതക മാറ്റങ്ങള്‍ സംഭവിച്ച വകഭേദമാണിതെന്നതാണ് ആരോഗ്യവിദഗ്ധരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്താണ് സിക്കാഡ?

2021ല്‍ പ്രത്യക്ഷപ്പെട്ട ഒമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയാണ് BA.3.3. വര്‍ഷങ്ങളോളം മണ്ണടിയില്‍ ഒളിച്ചിരുന്ന ശേഷം പുറത്തുവരുന്ന ‘സിക്കാഡ’ എന്ന ഷഡ്പദത്തിന്റെ പേരാണ് ഈ വകഭേദത്തിന് നല്‍കിയിരിക്കുന്നത്.

2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് BA.3.2 വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്, 2025 ല്‍ ഇത് അതിവേഗം പടര്‍ന്നു. ഇപ്പോള്‍ 23 ലധികം രാജ്യങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസിന്റെ സ്‌പൈക് പ്രോട്ടീനില്‍ സംഭവിച്ചിട്ടുള്ള 70 മുതല്‍ 75 വരെയുള്ള മാറ്റങ്ങള്‍ കാരണം ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ കെല്‍പ്പുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രധാന ലക്ഷണങ്ങള്‍

  • കഠിനമായ തൊണ്ടവേദന
  • പനി, ചുമ, മൂക്കൊലിപ്പ്
  • പേശി വേദനയും തലവേദനയും
  • അമിതമായ ക്ഷീണം
  • ചിലരില്‍ രുചിയും ഗന്ധവും നഷ്ടപ്പെടുന്നു

ചില രോഗികള്‍ക്ക് നേരിയ ശ്വാസതടസ്സം അല്ലെങ്കില്‍ ഓക്കാനം പോലുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ഐസൊലേഷനില്‍ ഇരിക്കുകയും ആവശ്യമെങ്കില്‍ പരിശോധന നടത്തുകയും ചെയ്യുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

മുന്‍കരുതലുകള്‍

മാസ്‌ക് ധരിക്കുക-: തിരക്കേറിയ സ്ഥലങ്ങളിലും ആശുപത്രികളിലും മാസ്‌ക് ഉപയോഗിക്കുന്നത് തുടരുക.

ശുചിത്വം- കൈകള്‍ സോപ്പിട്ട് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ശീലമാക്കുക.

ഇന്ത്യയിലും ജാഗ്രത

നിലവില്‍ ഇന്ത്യയില്‍ ഈ വകഭേദം മൂലം രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. നിലവിലുള്ള വാക്‌സിനുകള്‍ രോഗം ഗുരുതരമാകുന്നത് തടയാന്‍ സഹായിക്കുമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അതിവേഗം പടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.