കണ്ണൂര്‍: കെ. സുധാകരന്‍ എം.പിയെ കണ്ണൂര്‍ മണ്ഡലത്തില്‍ മല്‍സരിപ്പിക്കരുതെന്ന നിലക്ക് പുറത്ത് വന്ന കത്ത് രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിനയായതായി വിലയിരുത്തല്‍.
|
എ.ഐ.സി.സിക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിലുള്ള കത്താണ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരന് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ഉടക്കി നില്‍ക്കുന്ന അണികളെ ഇത് വലിയ തോതില്‍ പ്രകോപിപ്പിച്ചിരുന്നു.
ഇത് മൂലം കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുമെന്നാണ് സൂചനകള്‍. രണ്ടിടത്തും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ സുധാകര അനുയായികള്‍ നിര്‍ജീവമായി. ഇരു മണ്ഡലങ്ങളിലും ജയിക്കുമെങ്കിലും കത്ത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ഒ. മോഹനെതിരെയാണ് കത്ത് കാര്യമായി സ്വാധീനിച്ചത്. സുധാകര അനുയായികള്‍ ഏറെയുള്ള നടാല്‍, എടക്കാട് ഭാഗങ്ങളില്‍ ചില കുടുംബങ്ങള്‍ നിര്‍ജീവമായി. യു.ഡി.എഫിന് വോട്ട് ചെയ്യരുതെന്നും ചിലര്‍ അടുപ്പക്കാരോട് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥിയായ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു പകരം ബി.ജെ.പി സ്ഥാനാര്‍ഥി സി. രഘുനാഥിന് വോട്ട് മറിച്ചെന്നും സൂചനയുണ്ട്.
കോണ്‍ഗ്രസിലെ ഒരുവിഭാഗം തനിക്ക് വോട്ടു ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. കത്ത് കെ. സുധാകരനെയും പ്രകോപിപ്പിക്കുകയും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുധാകരന്‍ വളര്‍ത്തിയ നേതാക്കള്‍ തിരിഞ്ഞുകുത്തുന്നുവെന്നാണ് അനുയായികളുടെ പരിഭവം. സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരോട് അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് വിവാദ കത്ത് പുറത്തുവരുന്നത്.
എന്നാല്‍, കത്തുമായി ഒരുബന്ധവുമില്ലെന്ന് സണ്ണി ജോസഫ് ആവര്‍ത്തിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതിയും നല്‍കി. കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാനും വിജയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാനും തയാറാണെന്നും സണ്ണി ജോസഫ് വെല്ലുവിളിച്ചു.
അതേസമയം, കത്തിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ ആരുടെ അക്കൗണ്ടിലാണ്, പോസ്റ്റിലാണ് കത്ത് പ്രത്യക്ഷപ്പെട്ടതെന്നും അത്തരം ലിങ്കുകള്‍ കണ്ടെത്താനുമാണ് കണ്ണൂരിലെ ഇലക്ഷന്‍ വിഭാഗത്തിന് നല്‍കിയ നിര്‍ദേശം.
കണ്ണൂരില്‍ കെ. സുധാകരന് ജയസാധ്യതയില്ലെന്നും ടി.ഒ. മോഹനന്‍ മിടുക്കനാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ് കത്ത്. ഇത്തരം കാര്യങ്ങള്‍ കത്തിലൂടെ പറയുന്ന പതിവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
സി.പി.എം സൈബര്‍ ടീമാണ് കത്തിനു പിന്നിലെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ സംശയം. ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനു പിന്നില്‍ അതാണെന്നും വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിലേതുപോലെ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.





