12
Apr 2026
Sun
12 Apr 2026 Sun
strait of hormuz

ഹോര്‍മുസ് കടലിടുക്കിലൂടെ തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകള്‍ കടന്നുപോയെന്ന അമേരിക്കന്‍ സൈനിക കമാന്‍ഡിന്റെ (CENTCOM) അവകാശവാദം തള്ളി ഇറാന്‍. യുഎസ് നാവികസേനയുടെ ഡിസ്‌ട്രോയറുകളായ ‘യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്‌സണ്‍’, ‘യുഎസ്എസ് മൈക്കല്‍ മര്‍ഫി’ എന്നിവ കടലിടുക്ക് കടന്നതായാണ് സെന്റ്‌കോം അറിയിച്ചത്. എന്നാല്‍, ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ പാതയിലൂടെ നീങ്ങാനാവില്ലെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കയുടെ അവകാശവാദം

ഇറാന്‍ വിപ്ലവ ഗാര്‍ഡ് (IRGC) സ്ഥാപിച്ച കടല്‍ മൈനുകള്‍ നീക്കം ചെയ്യുന്ന ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലുകള്‍ കടന്നുപോയതെന്ന് യുഎസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ‘വാണിജ്യ കപ്പലുകള്‍ക്കായി സുരക്ഷിതമായ ഒരു പുതിയ പാത ഞങ്ങള്‍ ഒരുക്കുകയാണ്. ഉടന്‍ തന്നെ ഈ വഴിയിലൂടെ സ്വതന്ത്രമായ വ്യാപാരം പുനഃസ്ഥാപിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഈ മേഖലയിലൂടെ യുഎസ് കപ്പലുകള്‍ സഞ്ചരിക്കുന്നത്.

ശക്തമായി നിഷേധിച്ച് ഇറാന്‍

അമേരിക്കന്‍ കപ്പലുകള്‍ പ്രവേശിച്ചെന്ന വാര്‍ത്ത ഇറാന്‍ സൈന്യത്തിന്റെ ഖാതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് തള്ളിക്കളഞ്ഞു. ‘ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളുടെ ചലനം പൂര്‍ണ്ണമായും ഇറാന്റെ സായുധ സേനയുടെ നിയന്ത്രണത്തിലാണ്,’ അദ്ദേഹം പറഞ്ഞു. കടലിടുക്കിലൂടെ സൈനിക കപ്പലുകള്‍ നീങ്ങിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പും നല്‍കി. ഇറാന്റെ അനുമതിയില്ലാതെ അമേരിക്കന്‍ കപ്പലുകള്‍ക്ക് അവിടെ നീങ്ങുക അസാധ്യമാണെന്ന് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാമാബാദിലെ കൂടിക്കാഴ്ച

യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫും തമ്മില്‍ ശനിയാഴ്ച മുഖാമുഖം ചര്‍ച്ച നടത്തി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയാണിത്.

ചര്‍ച്ചകള്‍ രാത്രി വൈകിയും തുടര്‍ന്നെങ്കിലും പല കാര്യങ്ങളിലും ഇരുപക്ഷത്തിനും യോജിപ്പിലെത്താനായില്ല. ജെഡി വാന്‍സ് ചര്‍ച്ച അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങി. ഇറാന് മുന്നില്‍ മികച്ച ഓഫറാണ് വച്ചതെന്ന ജെഡി വാന്‍സ് പറഞ്ഞു. എന്നാല്‍, അമേരിക്ക ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ ഒഴിവ് കഴിവുകള്‍ തേടുകയാണെന്നായിരുന്നു ഇറാന്‍ വൃത്തങ്ങളുടെ പ്രതികരണം.

തര്‍ക്കവിഷയങ്ങള്‍: ഇറാന്റെ ആണവ പദ്ധതി, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍, ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടങ്ങിയവയില്‍ ധാരണയായിട്ടില്ല.

കടലിടുക്കിന്റെ നിയന്ത്രണം: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണ്ണമായും വിട്ടുകൊടുക്കാന്‍ ഇറാന്‍ തയ്യാറല്ല. കൂടാതെ യുദ്ധനഷ്ടപരിഹാരം ഈടാക്കാന്‍ കപ്പലുകളില്‍ നിന്ന് ടോള്‍ വാങ്ങണമെന്ന നിര്‍ദ്ദേശവും ഇറാന്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇത് അമേരിക്ക അംഗീകരിച്ചിട്ടില്ല.

‘ഞങ്ങള്‍ ജയിച്ചുകഴിഞ്ഞു’ – ട്രംപ്

ചര്‍ച്ചകളില്‍ ഇറാന്‍ മേല്‍ക്കൈ നേടുന്നുവെന്ന വാര്‍ത്തകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ‘ഇറാന്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങുന്നത്. അവരുടെ 28 മൈന്‍ നിക്ഷേപക ബോട്ടുകളും കടലിന്റെ അടിത്തട്ടിലാണ്,’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ചര്‍ച്ചകളുടെ ഫലം എന്തുതന്നെയായാലും തങ്ങള്‍ യുദ്ധത്തില്‍ ജയിച്ചുകഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

2026-ലെ മിഡ്ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുദ്ധം നീണ്ടുപോകുന്നത് രാഷ്ട്രീയമായി ട്രംപിന് വെല്ലുവിളിയാണ്. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകാനും സ്ഥിരമായ ഒരു സമാധാന കരാറിലെത്താനുമാണ് നിലവില്‍ ശ്രമം നടക്കുന്നത്.