കൊച്ചി: സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മറവില്‍ മതപരിവര്‍ത്തനം നടത്താന്‍ ചില മിഷനറി ഗ്രൂപ്പുകള്‍ വിദേശ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത്. വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്‍ അടുത്തിടെ കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് വി.എച്ച്.പി ദേശീയ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദയാണ് ഇക്കാര്യം പറഞ്ഞത്.
|
‘അപ്പോള്‍ ഉദ്ദേശ്യം നിയമവിരുദ്ധവും, സാമൂഹിക വിരുദ്ധവും, ഹിന്ദു വിരുദ്ധവുമാണ്. ഇതിനെ എങ്ങനെ സേവനം എന്ന് വിളിക്കാന്‍ കഴിയും?. മിഷനറി സ്ഥാപനങ്ങള്‍ മാത്രമാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താത്ത ഹിന്ദു ക്ഷേത്രങ്ങളുമായി അവയെ താരതമ്യം ചെയ്യാന്‍ കഴിയില്ല’-അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രിക്കുന്നുണ്ടെന്നും പള്ളികള്‍ എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ലെന്നും വി.എച്ച്.പി നേതാവ് ചോദിച്ചു.ദൈവത്തെ അംഗീകരിക്കാത്ത പ്രത്യയശാസ്ത്രം പിന്തുടരുന്ന കമ്മ്യൂണിസ്റ്റുകാരാണ് ക്ഷേത്രഭരണം നിയന്ത്രിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് ഒരു ‘തമാശ’യാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ‘ലവ് ജിഹാദ്’ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരെ കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്നും പരാന്ദെ ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണ്. മധ്യപ്രദേശില്‍നിന്ന് ‘തട്ടിക്കൊണ്ടുപോയി’ കേരളത്തിലേക്ക് കൊണ്ടുവന്നതാണ്. അവളെ കേരളത്തിലേക്ക് കൊണ്ടുവന്ന വ്യക്തിക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാട് കാരണം കേരളം ലവ് ജിഹാദികളുടെ പറുദീസയായി മാറി. ‘ലവ് ജിഹാദ്’ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടെന്ന് പരാന്ദെ അവകാശപ്പെട്ടു. എന്നാല്‍, ഇതിനെ പിന്തുണക്കുന്ന വിശദാംശങ്ങള്‍ അദ്ദേഹത്തിന് മുന്നോട്ടുവെക്കാനായില്ല.
അതിനാല്‍, മുസ്‌ലിം സമൂഹം മൊത്തത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും ഏതൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെടുന്നുവെന്നും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്ഥിതിഗതികള്‍ ‘ആശങ്കാജനകമാണെന്നന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം ‘മനഃപൂര്‍വ്വം ഇത്തരം ലവ് ജിഹാദ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന്’ ആരോപിച്ചു.



