Nanda govindam bhajans കൊച്ചി: ക്ഷേത്ര പരിപാടിക്കിടെ ‘നന്ദഗോവിന്ദം ഭജന്‍സ്’ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ ചൊല്ലി സംഘ്പരിവാറില്‍ തമ്മിലടി. ‘നന്ദഗോവിന്ദം’ ട്രൂപ്പിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതിക്കെതിരെ കടു്ത്ത വിമര്‍ശനവുമായി സംഘപരിവാര അനുകൂലികള്‍ രംഗത്തെത്തി.
|
അഥീന അലക്‌സിന്റെ സണ്‍ഡേ ക്ലാസ് ബി.ജെ.പിക്കാര്‍ക്ക് വേണ്ടെന്നും, അഥീന അലക്‌സ് അല്ല ഹിന്ദുവിന്റെ അവസാന വാക്കെന്നും സജീവ സംഘ്പരിവാര്‍ അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, താന്‍ സണ്‍ഡേ സ്‌കൂളില്‍ പോയിട്ടില്ലെന്നും വളരെ അധികം ബഹുമാനിക്കുന്ന ഒരാളാണ് ശശികല ടീച്ചറെന്നും അഥീന മറുപടി നല്‍കി.
നമ്മളെ തകര്‍ക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയില്ല, അകത്തുള്ളവര്‍ക്കേ കഴിയൂ എന്ന ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവ ബലറാം ഹെഡ്‌ഗേവാറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അഥീന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് പ്രകോപനത്തിന് കാരണം. ‘ക്ഷേത്രത്തില്‍ ക്രിസ്തുഭക്തിഗാനം പാടിയതിന് പിന്നിലെ ഔചിത്യകുറവ് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്, അതിലും അപകടകരമാണ് ഇപ്പോള്‍ കാണിക്കുന്ന ഈ തുള്ളല്‍ നാടകം. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സ്വയം അപഹാസ്യരാവുകയാണ്’ -എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ അഥീന ഭാരതി പറഞ്ഞത്.
നന്ദഗോവിന്ദം ഭജന്‍സിനെതിരെ കടുത്ത അധിക്ഷേപവുമായി രംഗത്തുവന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു അഥീനയുടെ പരോക്ഷ വിമര്‍ശനം. ‘പണ്ടൊരിക്കല്‍ ഡോക്ടര്‍ ജി പറഞ്ഞതാണ് ഓര്‍മ വരുന്നത്.. നമ്മളെ തകര്‍ക്കാന്‍ പുറത്തൂന്ന് ആര്‍ക്കും കഴിയില്ല.. അകത്തുള്ളവര്‍ക്കേ കഴിയു… ക്ഷേത്രങ്ങളില്‍ നിന്നും ഭക്തിയില്‍ നിന്നും ഭക്തി ഗാനങ്ങളില്‍ നിന്നും തിരിഞ്ഞു നടന്ന ഒരു കൂട്ടം ജനതയേ തിരികെ ക്ഷേത്രങ്ങളില്‍ ഒരുമിച്ച് കൂട്ടിയ നന്ദഗോവിന്ദം ഭജന്‍സിന്റെ ട്രണ്ടിനെ തകര്‍ക്കാനും ആ ഭക്തജനങ്ങളെ വിഘടിപ്പിക്കാനും,കഴിഞ്ഞ കുറെ കാലമായി നാട്ടിലെ സകല സുടാപ്പികളും സഖാക്കളും കിണഞ്ഞു പരിശ്രമിച്ചു.. നടന്നില്ല.. അവസാനം ആ ദൗത്യം നമ്മുടെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെ ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചു… Well done my guysss… Well done… Keep it up…
ചിലരെങ്കിലും ചോദിച്ചേക്കാം ഇതിനു മുന്നേ വേറെ ഭജന്‍സ് ഉണ്ടായിട്ടില്ലെ എന്ന്.. ഉണ്ടായിട്ടുണ്ടാവാം… പക്ഷെ കേള്‍ക്കാന്‍ ഇത്രയും ആളുകള്‍ ഉണ്ടായിരുന്നോ എന്നത് മറ്റൊരു ചോദ്യമാണ്.. ഭക്തിഗാനസദസ്സിന്റെ പഴമയെ ഒട്ടും മാറ്റാതെ പുതുതലമുറക്ക് കൂടെ ആകര്‍ഷകമാകുന്ന രീതിയില്‍ അതിനെ മനോഹരമാക്കിയത് ഇവരാണ് എന്ന് പറയേണ്ടി വരും…
‘അമ്പലത്തില്‍ പോടാ’ എന്ന് പറഞ്ഞാല്‍ പോയി പണി നോക്കാന്‍ പറഞ്ഞിരുന്ന ഒരുകൂട്ടം യുവാക്കളെ വാര്‍ത്തെടുക്കുന്നതില്‍ ഇടത് ചിന്തകര്‍ വിജയിച്ചപ്പോള്‍ അതേ തലമുറയെ ക്ഷേത്രത്തിലേക്ക് ആവേശത്തോടെ എത്തിച്ച ഒരുകൂട്ടം കലാകാരന്മാര്‍.. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് കേരളത്തില്‍ പുതുതായി ഒരുപാട് ഭക്തിഗാന ഗ്രൂപ്പുകള്‍ ഉണ്ടായി വന്നു… ഹരേ രാമ എന്ന് പറയുന്നതില്‍ രാഷ്ട്രീയം കാണാനും എതിര്‍ക്കാനും പഠിച്ചു വന്ന ഒരു തലമുറയെ കൊണ്ട് സീതാപതി രാമ ചന്ദ്ര കി ജയ് എന്ന് അവര്‍ ഒരുമടിയും ഇല്ലാതെ വിളിപ്പിച്ചു.. ആ വിളിച്ചവരില്‍ സഖാക്കളും ഉണ്ടായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്..
നന്ദഗോവിന്ദം ഭജന്‍സ് ഒരു ക്രിസ്തു ഭക്തിഗാനം പാടിയതാണ് ഇപ്പോഴത്തെ വിഷയം.. ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത് മുഴുവന്‍ സദസ്യരോടും അവര്‍ അനുവാദം ചോദിച്ചിരുന്നു… അവിടെ ഇരുന്ന മുഴുവന്‍ ആളുകളും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു…. ശേഷമാണ് അവര്‍ ആ ഗാനം ആലപിച്ചത്… അവിടെ ഉണ്ടായിരുന്ന ഒരു ഹൈന്ദവ സ്വാഭിമാനിയുടെയും മത വികാരം അപ്പോ വൃണപ്പെട്ട് കണ്ടില്ല.. ആരും എതിര്‍ത്തില്ല… എന്നിട്ടിപ്പോള്‍ ലോകരെല്ലാം നോക്കി നില്‍ക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂട്ടം ചേര്‍ന്ന് കടിച്ച് കീറുന്നു..
ക്ഷേത്രത്തില്‍ ക്രിസ്തുഭക്തിഗാനം പാടിയതിന് പിന്നിലെ ഔചിത്യകുറവ് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്.. അതിലും അപകടകരമാണ് നിങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന ഈ പ്രകടനം… കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സ്വയം അപഹാസ്യരാവുകയാണ്…’ -അഥീന ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഇതിനെതിരെ സംഘപരിവാര ഹാന്‍ഡിലുകളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത് ‘അഥീന അലക്‌സ് ബി.ജെ.പി നേതാവാണെങ്കില്‍ ബി.ജെ.പിയുടെ കാര്യം ഭംഗിയായി നോക്കുക. ഹിന്ദുക്കളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ആഗമ ശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്ര കാര്യങ്ങളില്‍ അറിവുള്ള ശശികല ടീച്ചറെപ്പോലെയും അനില്‍ വിളയില്‍ ജിയെപ്പോലെയുമൊക്കെയുള്ള അനേകം ഹൈന്ദവ നേതാക്കളുണ്ട്. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷേ അത് കുഞ്ഞാട് ഷാജന്‍ സക്കറിയയെപ്പോലെയുള്ളവരുടെ താങ്ങുണ്ടെന്ന് കരുതി അലങ്കാരമാക്കരുത്. ശശികല ടീച്ചറെയൊക്കെ തിരുത്താന്‍ മാത്രമുള്ള ആഗമ ശാസ്ത്ര അറിവൊക്കെ അധീന അലക്‌സ് ഏത് സണ്‍ഡേ സ്‌കൂളില്‍ നിന്നാണ് പഠിച്ചത്’ -എന്നായിരുന്നു ലക്ഷ്മി കാനത്ത് എന്ന സജീവ സംഘ്പരിവാര്‍ പ്രൊഫൈലില്‍ വന്ന വിമര്‍ശനം.
ഹിന്ദുവിന്റെ ക്ഷേത്ര കാര്യങ്ങളില്‍ തൊട്ടുള്ള കളി വേണ്ട അത് തീക്കളിയാണെന്നും അഥീനക്ക് ലക്ഷ്മി മുന്നറിയിപ്പ് നല്‍കുന്നു. ‘ആവശ്യമില്ലാത്ത, അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. ശശികല ടീച്ചറെയൊക്കെ അഥീന അലക്‌സും ഷാജന്‍ സക്കറിയയും സണ്‍ഡേ ക്ലാസ്സുമായി വഴികാട്ടാന്‍ വന്നാല്‍ അന്തസ്സുള്ള സ്വാഭിമാന ഹിന്ദുക്കള്‍ക്ക് അത് നോക്കി നില്‍ക്കാനാവില്ല. വ്യാജന്‍ സക്കറിയ, അഥീന അലക്‌സ് കുഞ്ഞാടിനെയും പൊക്കി കൊണ്ട് വന്നിട്ടുണ്ട്. അഥീന അലക്‌സ് അല്ല ഹിന്ദുവിന്റെ അവസാന വാക്ക്. ഹിന്ദുവിന്റെ അവസാന വാക്കായ ശശികല ടീച്ചറിന് മുകളില്‍ അല്ല അഥീന കുഞ്ഞാട്, അതോര്‍ത്താല്‍ അഥീനയ്ക്കു കൊള്ളാം. ബിജെപിക്കാര്‍ക്ക് അഥീനയുടെ സണ്‍ഡേ ക്ലാസ് വേണ്ട കേട്ടോ’ -പോസ്റ്റില്‍ പറയുന്നു.
‘ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസവും വിവരവുമില്ലാത്ത ഊളന്മാരായ ആര്‍എസ്എസ് നേതാക്കളെ കണ്ട് ഞങ്ങള്‍ ആര്‍എസ്എസുകാരെല്ലാം മണ്ടന്മാരും ഊളന്മാരും ആണ് എന്ന് അഥീന ഭാരതി വിചാരിക്കരുത്. ആചാരം ലംഘിച്ച് കൊണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറിയ വ്യക്തിയാണ് നിങ്ങള്‍’ -എന്നായിരുന്നു മറ്റൊരാളുടെ മുന്നറിയിപ്പ്.
‘ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടിയാണ്. ഹിന്ദുവും അമ്പലവും ഭക്തരുടേതാണ്. പള്ളിയിലെ കാര്യങ്ങളില്‍ ഹിന്ദുക്കള്‍ കൈകടത്തുന്നതും ക്ഷേത്രത്തിലെ കാര്യങ്ങളില്‍ മറ്റു മതസ്ഥര്‍ കൈകടത്തുന്നതും ശരിയല്ല. നന്ദഗോവിന്ദം ഭജന്‍സിനെ കൊണ്ടു ഇനി അമ്പലങ്ങളില്‍ പാടിക്കണോ എന്ന് അമ്പലക്കമ്മിറ്റികള്‍ തീരുമാനിക്കും. അവര്‍ പള്ളിയില്‍ പാടുന്ന കാര്യം ഹിന്ദുക്കള്‍ ഇടപെടില്ല. അവര്‍ ആദ്യം ഭക്തിഗാനം പാടി, പിന്നെ സിനിമാഗാനം പാടി, അതിനുശേഷം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടി. അടുത്തതായി ക്ഷേത്രത്തില്‍ വന്നിരുന്നു യാസീനോതും, പിന്നീട് പാര്‍ട്ടി ഗാനങ്ങള്‍ പാടും. അങ്ങനെ അവര്‍ക്കു തോന്നുന്നത് പാടാന്‍ വേദി തെരുവില്‍ ആയിരിക്കണം ആരും ഒന്നും. പറയില്ല.’ -മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
കോട്ടയം വേമ്പിന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെ നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയാണ് ആദ്യം രംഗത്തെത്തിയത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.


