കോഴിക്കോട്: ചെറുവണ്ണൂരില്‍ ദര്‍സ് കുട്ടികള്‍ മര്‍ദനത്തിനിരയായ സംഭവത്തെ വര്‍ഗീയ പ്രചാരണത്തിന് ആയുധമാക്കി ഹിന്ദു ഐക്യവേദി. ചെറുവണ്ണൂരിലെ ദര്‍സ് ഭീകരവാദ കേന്ദ്രമാണെന്നും കുട്ടികളെ ഭീകരവാദികളാക്കുന്ന വിവാദ സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്, മതഭീകര ബന്ധം, കുട്ടിക്കടത്ത് തുടങ്ങിയവ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
|
സൈനികനെ വീടാക്രമിച്ച് കള്ളക്കേസില്‍ ജയിലിലാക്കി, വധഭീഷണി മുഴക്കി നാടിന്റെ സമാധാനം തകര്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് സ്ഥാപനത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 29ന് ചെറുവണ്ണൂരില്‍ നടക്കുന്ന പ്രതിഷേധ പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി ശശികല പങ്കെടുക്കും.
ഏപ്രില്‍ 16, വ്യാഴാഴ്ച രാത്രിയാണ് ദര്‍സ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രൂരമായ മര്‍ദനത്തിനിരയായത്. ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ ഒരു വീട്ടുമതിലില്‍ ചുവരെഴുതാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. വീട്ടുടമസ്ഥരോട് കുട്ടികള്‍ നേരത്തെ അനുവാദം വാങ്ങിയിരുന്നു. എന്നാല്‍, രാത്രി ചുവരെഴുതാന്‍ എത്തിയപ്പോള്‍ തടയുകയും മതത്തെ അവഹേളിക്കും വിധം സംസാരിച്ച് മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
പ്രതികള്‍ ചെമ്പ് വള ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ സന്തോഷ്, സുരേഷ് പഴയ മഠത്തില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





