26
Apr 2026
Sun
26 Apr 2026 Sun
Ex Muslim Youtuber Salim Khan

‘Ex-Muslim’ YouTuber Salim ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ‘എക്‌സ്-മുസ്ലിം’ യൂട്യൂബര്‍ സലീം വാസ്റ്റിക് യഥാര്‍ത്ഥത്തില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണെന്ന് വെളിപ്പെടുത്തല്‍. സലീം ഖാന്‍ എന്ന ഇയാള്‍ 1995-ല്‍ 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതാണെന്നും 25 വര്‍ഷമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നുവെന്നും ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ശനിയാഴ്ച (ഏപ്രില്‍ 25) ഗാസിയാബാദിലെ ലോണിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1995-ലെ കൊലപാതകവും ഒളിവില്‍ പോക്കും

1995 ജനുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു സിമന്റ് വ്യാപാരിയുടെ മകനായ സന്ദീപ് ബന്‍സാല്‍ എന്ന 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് സലീം ഖാന്‍ പിടിയിലായത്. കുട്ടിയുടെ സ്‌കൂളിലെ കരാട്ടെ പരിശീലകനായിരുന്നു അന്ന് സലീം. 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും പണം ലഭിക്കുന്നതിന് മുമ്പ് തന്നെ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നു.

1997-ല്‍ കോടതി സലീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ 2000-ല്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് മുങ്ങുകയായിരുന്നു. ഔദ്യോഗിക രേഖകളില്‍ ഇയാള്‍ മരിച്ചതായി വരുത്തിത്തീര്‍ക്കുകയും സലീം വാസ്റ്റിക് എന്ന പേരില്‍ പുതിയ ജീവിതം തുടങ്ങുകയും ചെയ്തു.

യൂട്യൂബറായുള്ള പുനര്‍ജന്മം

SALEEM WASTIK

ഒളിവില്‍ കഴിയുന്നതിനിടെ ഹരിയാനയിലും ഉത്തര്‍പ്രദേശിലും പല ജോലികള്‍ ചെയ്ത സലീം ഒടുവില്‍ ലോണിയില്‍ സ്ഥിരതാമസമാക്കി. അവിടെ ഒരു വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങുകയും ‘സലീം വാസ്റ്റിക്’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തു. ഇസ്ലാം മതത്തിനെതിരേ തുടര്‍ച്ചയായി നടത്തി വിദ്വേഷ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കിടയായിക്കിയിരുന്നു. ഇസ്ലാം വിരുദ്ധരുടെ വലിയ പിന്തുണയും ഇയാള്‍ക്ക് ലഭിച്ചു.

വഴിത്തിരിവായത് കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമം

കഴിഞ്ഞ ഫെബ്രുവരി 27-ന് ഗുല്‍ഫാം, സീഷാന്‍ എന്നീ സഹോദരന്മാര്‍ ഇയാളെ വീട്ടില്‍ കയറി ആക്രമിച്ചു. കഴുത്തിലും വയറിലും ഗുരുതരമായി പരിക്കേറ്റ സലീം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പ്രതികളായ രണ്ടു സഹോദരന്മാരെയും പിന്നീട് യുപി പോലീസ് വെടിവച്ചു കൊന്നു. 1995ല്‍ സലീം കൊലപ്പെടുത്തിയ 13 വയസ്സുകാരന്റെ ബന്ധുക്കളാണ് ഇവരെന്ന് പറയപ്പെടുന്നു. എന്നാല്‍,
സലീം തുടര്‍ന്ന തീവ്ര ഇസ്ലാം വിരുദ്ധ നിലപാടുകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലിസ് പറഞ്ഞത്. വധശ്രമത്തിന് ശേഷം ആശുപത്രി വിട്ട സലീമിന് യു.പി പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയതിനാല്‍, അയാള്‍ക്ക് മുങ്ങാനും കഴിഞ്ഞില്ല.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ സലീമിന് യുപി പോലീസ് സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസിന്റെ ആന്റി റോബറി സെല്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ‘സലീം വാസ്റ്റിക്’ എന്ന സോഷ്യല്‍ ആക്ടിവിസ്റ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിയ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. പഴയ ഫോട്ടോകളും വിരലടയാളങ്ങളും പരിശോധിച്ച ശേഷം ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതിയെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനായി തിഹാര്‍ ജയിലിലേക്ക് മാറ്റി. ഇത്രയും കാലം പോലീസിനെ വെട്ടിച്ച് പുതിയ വ്യക്തിത്വത്തില്‍ ജീവിച്ച സലീമിന്റെ കഥ സോഷ്യല്‍ മീഡിയയെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.