White House Press Dinner Shooter വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ പ്രതിയുടെ ചിത്രം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ടു. ഒന്നിലധികം മാരകായുധങ്ങളുമായാണ് ഇയാള്‍ എത്തിയതെന്നും രഹസ്യ സേനയുടെ (Secret Service) ധീരമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു.
|
വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ പ്രധാന സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്. പിടിയിലായ പ്രതി കാലിഫോര്‍ണിയ സ്വദേശിയായ 31 വയസ്സുകാരന്‍ കോള്‍ തോമസ് അല്ലന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പങ്കുവെച്ച ചിത്രത്തില്‍, ഷര്‍ട്ട് ധരിക്കാത്ത നിലയിലുള്ള പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ കിടത്തി കൈകള്‍ പിന്നിലേക്ക് കെട്ടിയിരിക്കുന്നത് കാണാം.
വെടിവെപ്പും സുരക്ഷാ വീഴ്ചയും
‘അയാള്‍ ഒരു മനോരോഗിയായിരുന്നു. 50 വാര അകലെ നിന്ന് സുരക്ഷാ ബാരിക്കേഡുകള്‍ ഭേദിച്ച് അയാള്‍ ഇരച്ചുകയറുകയായിരുന്നു,’ ട്രംപ് പറഞ്ഞു. വെടിയേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിപാടി നടന്ന ഹാള്‍ സുരക്ഷിതമായിരുന്നെങ്കിലും, ഹോട്ടല്‍ കെട്ടിടം അത്ര സുരക്ഷിതമല്ലെന്ന് ട്രംപ് പിന്നീട് അഭിപ്രായപ്പെട്ടു.
വെടിയൊച്ച കേട്ടതോടെ ബോള്‍റൂമില്‍ വലിയ പരിഭ്രാന്തി പടര്‍ന്നു. അതിഥികള്‍ മേശകള്‍ക്ക് താഴെ ഒളിച്ചിരുന്നു. ട്രംപിനെ ഉടന്‍ തന്നെ കറുത്ത തിരശ്ശീലയ്ക്ക് പിന്നിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെയും വേഗത്തില്‍ അവിടെ നിന്ന് മാറ്റി. 1963-ല്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവനാണ് ഇദ്ദേഹം.
കടുത്ത നടപടികള്‍ക്ക് നിര്‍ദ്ദേശം
പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ‘ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പ്രതിയുടെ കാലിഫോര്‍ണിയയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകും,’ അദ്ദേഹം വ്യക്തമാക്കി.
വെടിവെപ്പിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പരിപാടി അടുത്ത 30 ദിവസത്തിനുള്ളില്‍ ഇതിലും ഗംഭീരമായി നടത്തുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. സംഭവസ്ഥലത്ത് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിട്ടുണ്ട്. അഞ്ച് മുതല്‍ എട്ട് വരെ തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സായുധരായ ടാക്റ്റിക്കല്‍ ടീം വേദിയില്‍ നിലയുറപ്പിക്കുകയും ഹെലികോപ്റ്ററുകള്‍ നിരീക്ഷണം നടത്തുകയും ചെയ്തു.



