30
Apr 2026
Thu
30 Apr 2026 Thu
kerala exit poll 2026

Axis My India exit poll for Kerala കൊച്ചി: മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് കൂട്ടത്തോടെ ഒഴുകിയെന്ന സൂചനയുമായി Axis My India എക്‌സിറ്റ് പോള്‍ സര്‍വേ. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 60 ശതമാനം വോട്ടുകളും യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. മുസ്ലിം വോട്ടര്‍മാരില്‍ 63 ശതമാനവും യുഡിഎഫിന് വോട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ നായര്‍ വോട്ടുകളില്‍ ഇത്തവണ എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്നാണ് Axis My India എക്‌സിറ്റ് പോള്‍ സര്‍വേ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫിനെ 34 ശതമാനവും യുഡിഎഫിനെ 31 ശതമാനവും എല്‍ഡിഎയെ 28 ശതമാനവും നായര്‍ വോട്ടര്‍മാര്‍ പിന്തുണച്ചു.

പട്ടികജാതി വിഭാഗങ്ങളില്‍ 57 ശതമാനവും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 33 ശതമാനത്തിന്റെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചതെന്നും Axis My India എക്‌സിറ്റ് പോള്‍ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഈഴവ വോട്ടുകളില്‍ 47 ശതമാനം എല്‍ഡിഎഫിന് അനുകൂലമായും 26 ശതമാനം യുഡിഎഫിന് അനുകൂലമായും പോള്‍ ചെയ്യപ്പെട്ടെന്നാണ് Axis My India എക്‌സിറ്റ് പോള്‍ പറയുന്നത്.

ALSO READ: എന്താണീ എക്‌സിറ്റ് പോള്‍? ഇത് എത്ര മാത്രം കൃത്യമാണ്?

യുഡിഎഫ് 44 ശതമാനം വോട്ട് ഷെയറോടെ 78 മുതല്‍ 90 വരെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് Axis My India എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 39 ശതമാനം വോട്ട് ഷെയറുമായി എല്‍ഡിഎഫ് 49 മുതല്‍ 62 വരെ സീറ്റുകളും 14 ശതമാനം വോട്ട് ഷെയറുമായി എന്‍ഡിഎ 0 മുതല്‍ മൂന്ന് ശതമാനം വരെ സീറ്റുകളും നേടുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ മൂന്ന് ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നേര്‍ക്കുനേര്‍ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. 78.27 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം.