ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. ഡിഎംകെയും എഐഎഡിഎംകെയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ എല്ലാ എംഎല്‍എമാരും കൂട്ടത്തോടെ രാജിവെക്കുമെന്ന് നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (TVK) മുന്നറിയിപ്പ് നല്‍കി. ജനവിധി അട്ടിമറിച്ച് ദ്രാവിഡ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നു എന്ന സംശയത്തെത്തുടര്‍ന്നാണ് ടിവികെ ഈ കടുത്ത തീരുമാനമെടുത്തത്.
|
108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
ഡിഎംകെ – എഐഎഡിഎംകെ രഹസ്യനീക്കം?
ദശകങ്ങളായി രാഷ്ട്രീയ ശത്രുക്കളായിരുന്ന ഡിഎംകെയും എഐഎഡിഎംകെയും വിജയ്യെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഒന്നിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഡിഎംകെയുടെ നീക്കം: അടിയന്തര തീരുമാനമെടുക്കാന്‍ എം.കെ. സ്റ്റാലിനെ ചുമതലപ്പെടുത്തി ഡിഎംകെ പ്രമേയം പാസാക്കി. മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും, ഇ പളനി സ്വാമിയുടെ (എഐഎഡിഎംകെ) നേതൃത്വത്തിലുള്ള സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന കാര്യം ഡിഎംകെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉദയനിധി പക്ഷത്തിന്റെ ഭയം: വിജയ് അധികാരത്തില്‍ വന്നാല്‍ എം.ജി. രാമചന്ദ്രനെപ്പോലെ (എംജിആര്‍) ജനപ്രിയനാകുമെന്നും പിന്നീട് അദ്ദേഹത്തെ മാറ്റുക അസാധ്യമാകുമെന്നും ഡിഎംകെയിലെ യുവനേതാക്കള്‍ ഭയപ്പെടുന്നു.
എഐഎഡിഎംകെ നിലപാട്: എംഎല്‍എമാരോട് ക്ഷമയോടെ കാത്തിരിക്കാന്‍ എടപ്പാടി പളനിസ്വാമി നിര്‍ദ്ദേശിച്ചു. ടിവികെയുമായി സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണറുടെ നിലപാട്
കേവല ഭൂരിപക്ഷമായ 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കാതെ വിജയ്യെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ ഉറച്ചുനില്‍ക്കുകയാണ്. വിജയ് സമര്‍പ്പിച്ച പദ്ധതി ഗവര്‍ണര്‍ അംഗീകരിച്ചില്ല. നിലവില്‍ കോണ്‍ഗ്രസിന്റെ (5 എംഎല്‍എമാര്‍) പിന്തുണ വിജയ്ക്കുണ്ട്. ഇടത് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
പിന്തുണയുമായി സഖ്യകക്ഷികള്‍
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐയും വിസികെയും (VCK) ആരോപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് സഭയിലാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടേണ്ടതെന്ന് വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവളവന്‍ പറഞ്ഞു. എസ്.ആര്‍. ബൊമ്മെ കേസ് ഉള്‍പ്പെടെയുള്ള സുപ്രീം കോടതി വിധികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിഎംകെയും കമല്‍ ഹാസനും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു. ഈ മാസം 10-ഓടെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് വിജയ്യുടെ നീക്കം.
കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി
സഖ്യത്തില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടിയതിന് പിന്നാലെ ടിവികെയ്ക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ പ്രമേയം. കോണ്‍ഗ്രസ് നിലപാടിന് എതിരെ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി.
കോണ്‍ഗ്രസ് പഴയ ശീലങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. കോണ്‍ഗ്രസ് പിറകില്‍ നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും ഡിഎംകെ പ്രമേയത്തില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ചെയ്യുന്നത് പോലെയാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയോട് പെരുമാറിയത്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഒരു രാജ്യസഭാ സീറ്റും 28നിയമസഭാ സീറ്റും കോണ്‍ഗ്രസ് നേടി. എന്നാല്‍ അഞ്ച് സീറ്റ് നേടി എതിര്‍ചേരിയിലേക്ക് മാറി. സഖ്യകക്ഷി പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനം അവര്‍ പാഴാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു.
പുതുച്ചേരിയിലും കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു. ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഇത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇത് തെളിയിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.



