V.D. Satheesan അവസാന സമയം വരെ കെസി വേണുഗോപാലന് ഉണ്ടായിരുന്ന സാധ്യത അവസാന നിമിഷം അട്ടിമറിഞ്ഞത് രണ്ടു പേരുടെ ഇടപെടലില്‍. പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ചതില്‍ നിര്‍ണായകമായത് എ.കെ.ആന്റണിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നിലപാടുകള്‍.
|
മുഖ്യമന്ത്രി ചര്‍ച്ചയില്‍ വിവിധ നേതാക്കളെ വിളിച്ച് നേതൃത്വം അഭിപ്രായം ആരാഞ്ഞിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണായകമായത് എ.കെ.ആന്റണിയുടെ നിലപാടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ പറ്റി അദ്ദേഹം കൃത്യമായി നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനുപുറമേ സമുദായ സംഘടനകളില്‍ നിന്നും പൊതുപ്രവര്‍ത്തകരില്‍ നിന്നും കിട്ടിയ അഭിപ്രായങ്ങള്‍ പ്രിയങ്ക ഗാന്ധിയും അറിയിച്ചു.
ഇതില്‍ മുസ്ലിം ലീഗിന്റെ നിലപാട് നിര്‍ണായകമായി. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ ജയിച്ച് കയറിയത് ലീഗിന്റെ വലിയ പിന്തുണയിലായിരുന്നു. രാഹുലിന് കെസിയുമായുള്ള അടുത്ത ബന്ധം അറിയുന്നതിനാല്‍ പ്രിയങ്ക വഴിയായിരുന്നു ലീഗിന്റെ ഓപ്പറേഷന്‍. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രിയങ്കയെ നിരന്തരം ബന്ധപ്പെട്ടിരുന്നു.
പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം സ്വാധീനം ചെലുത്തിയെടുത്തതാണെന്ന വാദം സതീശന്‍ മുന്നോട്ട് വച്ചിരുന്നു. ആദ്യം ഹൈക്കമാന്‍ഡ് ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് പ്രഖ്യാപനത്തിനും കാലതാമസമുണ്ടാക്കിയത്. അധികാര സ്ഥാനത്തിരിക്കുന്ന കെ.സി.വേണുഗോപാല്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തി. അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നയാള്‍ ഈ മത്സരത്തിനിറങ്ങിയാല്‍ താന്‍ എന്തുചെയ്യുമെന്ന ആശങ്ക വി.ഡി.സതീശന്‍ പങ്കുവച്ചിരുന്നു.
ഇത്തരത്തില്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. . കേരളത്തിന്റെ 24ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശന്‍.
കേവലം എംഎല്‍എമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താല്‍പ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കാനും വരാനിരിക്കുന്ന ഭരണകാലയളവില്‍ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.
വിഡി ജയിച്ചത് രണ്ടു മല്‍സരങ്ങള്‍
രണ്ടു മൽസരങ്ങൾ ജയിച്ചാണ് വി.ഡി.സതീശൻ ഇത്തവണ വിജയിയുടെ കസേരയിലിരിക്കുന്നത്. ആദ്യം നിയമസഭാ തിരഞ്ഞെടുപ്പും രണ്ടാമത് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പാർട്ടിക്കുള്ളിലെ ‘തിരഞ്ഞെടുപ്പും.’ ഉദ്വേഗത്തോടെയാണ് രണ്ടു ഫലങ്ങളുമറിയാൻ രാഷ്ട്രീയ കേരളം കാത്തിരുന്നത്. ഒടുവിൽ, ആ വിശേഷണവും സതീശൻ തന്റെ പേരിനൊപ്പം എഴുതിച്ചേർക്കുന്നു: കേരള മുഖ്യമന്ത്രി.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായി 1964 മേയ് 31നാണ് സതീശന്റെ ജനനം. വിദ്യാർഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ ഇടപെട്ട സതീശൻ പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജിൽ യൂണിയൻ ഭാരവാഹിയുമായി പൊതുരംഗത്ത് സജീവമായി. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്‌യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിയമബിരുദധാരിയായ സതീശൻ കുറേക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. 2001 മുതൽ പറവൂർ മണ്ഡലത്തിൽനിന്നു നിയമസഭാംഗം. 2021 മുതൽ 26 വരെ പ്രതിപക്ഷനേതാവായിരുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ : ഉണ്ണിമായ
പറവൂർ എന്ന ആത്മബന്ധം
30 വർഷമായി പറവൂരിൽ കോൺഗ്രസ് അല്ലെങ്കിൽ യുഡിഎഫ് എന്നാൽ സതീശനാണ്. മനസ്സിൽ ഏതു വിഷമം വന്നാലും പറവൂരിലൂടെ ഒന്ന് കറങ്ങിയാൽ തീരത്തക്കവിധം ആത്മബന്ധമുണ്ട് ആ നാടുമായി എന്ന് സതീശൻ പറഞ്ഞിട്ടുണ്ട്. 1996 ലെ തിരഞ്ഞെടുപ്പിൽ സതീശൻ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പറവൂരിൽനിന്നു മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചു. പിന്നീട് ഒരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം സതീശനൊപ്പം നിന്നു.
2001ൽ പി.രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി. 2006ൽ കെ.എം.ദിനകരനായിരുന്നു സിപിഐ സ്ഥാനാർഥി. 7,792 വോട്ടുകൾക്കു വിജയം. 2011ൽ സിപിഐ പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയെങ്കിലും 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സതീശൻ തന്നെ ജയിച്ചു. 2016ൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനെതിരെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2021ൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.ടി.നിക്സനെ പരാജയപ്പെടുത്തി. ഇത്തവണ ഇ.ടി.ടൈസനെതിരെ 20600 വോട്ടുകൾക്കാണ് വിജയിച്ചത്.


