15
May 2026
Fri
15 May 2026 Fri
KSRTC Bus

മന്ത്രിസഭ വരും മുമ്പേ വിചിത്ര പ്രതിഷേധവുമായി ബിജെപി. യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിലാണ് വ്യത്യസ്ഥമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും ടിക്കറ്റില്ലാ യാത്രയും സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിശ്ചയിച്ച പരിപാടി ജില്ലാ പ്രസിഡന്റ് അശ്വിനി എംഎല്‍ ആണ് ഉദ്ഘാടനം ചെയ്തത്.

‘നാളെയാണ് മെയ് 15. എംപി കെസി വേണുഗോപാലും നിയുക്ത എംഎല്‍എ രമേശ് പിഷാരടിയും കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഉറപ്പ് നല്‍കിയ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പിലാക്കുന്ന ദിനം. അവരായി പ്രഖ്യാപിച്ച തീയതി. അപ്പോ എങ്ങനെയാ … യാത്ര തുടങ്ങുകയല്ലേ ഗേള്‍സ്..?’ എന്നാണ് ബിജെപി നേതാവ് നവ്യ ഹരിദാസ് ഇന്നലെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കെസി വേണു ഗോപാലും രമേഷ് പിഷാരടിയും ബസ്സില്‍ കയറി നടത്തിയ വോട്ടഭ്യര്‍ത്ഥനയ്ക്കിടെ പറഞ്ഞ ഒരു വാക്കില്‍ പിടിച്ചാണ് ബിജെപി സമരം.

അതേസമയം, കാസര്‍ഗോഡ് ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്കില്‍ ഉള്‍പ്പെടെ പങ്കുവെച്ച പ്രതിഷേധ പ്രകടനത്തിന്റെ പോസ്റ്ററില്‍ ട്രോള്‍ പൂരമാണ്. സമരം ഒരുപാട് വൈകിപ്പോയി, അല്പം കൂടി നേരത്തെ ആക്കാമായിരുന്നില്ലേ എന്ന രീതിയിലുള്ള പരിഹാസ കമന്റുകളാണ് പ്രചരിക്കുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിയട്ടെ, മന്ത്രിസഭാ രൂപീകരിക്കട്ടെ എന്നിട്ടാവാം പ്രതിഷേധമെന്നും പ്രതികരണങ്ങളുണ്ട്.

സര്‍ക്കാര്‍ വരും മുന്‍പ് ഫ്രീ യാത്ര വേണം എന്നൊക്കെ മണ്ടത്തരം പറയുന്ന നിങ്ങളൊക്കെ ആണല്ലോ ഒരു രാഷ്ട്രീയപാര്‍ട്ടി. മോദി പറഞ്ഞ 15 ലക്ഷവും 69 രൂപയ്ക്ക് പെട്രോളുമൊക്കെ കൊടുത്ത് കഴിഞ്ഞോ എന്നും കമന്റുകളുണ്ട്.