18
May 2026
Mon
18 May 2026 Mon
ebola virus

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാരകമായ എബോള രോഗം പടര്‍ന്നു പിടിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡി.ആര്‍.സി.) അയല്‍രാജ്യമായ യുഗാണ്ടയിലും വൈറസ് ബാധിച്ച് തൊണ്ണൂറോളം പേര്‍ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ലോകാരോഗ്യസംഘടന ‘അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിഴക്കന്‍ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയില്‍ ഉത്ഭവിച്ച ഈ രോഗബാധയ്ക്ക് കാരണം അപൂര്‍വമായ ബുന്ദിബുഗ്യോ ഇനത്തില്‍പെട്ട എബോള വൈറസാണ്. ഈ വകഭേദത്തിന് അംഗീകൃത വാക്‌സിനോ ചികിത്സയോ നിലവിലില്ല. 50 ശതമാനത്തോളമാണ് മരണനിരക്കെന്ന് ഡി.ആര്‍.സി. ആരോഗ്യമന്ത്രി സാമുവല്‍റോജര്‍ കാംബ വ്യക്തമാക്കി. ഏപ്രില്‍ 24ന് ഇട്ടൂരിയുടെ തലസ്ഥാനമായ ബുനിയയിലെ ഒരു ആരോഗ്യകേന്ദ്രത്തില്‍ എബോള ലക്ഷണങ്ങളോടെ എത്തിയ ഒരു നഴ്‌സാണ് രോഗം ആദ്യമായി പ്രകടിപ്പിച്ച വ്യക്തി.

ആഫ്രിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം ഇതിനകം 88 പേര്‍ മരിക്കുകയും 336 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (ഒരു മരണം ഉള്‍പ്പെടെ 2 കേസുകള്‍) രോഗം എത്തിയിട്ടുണ്ട്.

ആഗോള മഹാമാരിയായി പ്രഖ്യാപിക്കാനായില്ല

എന്നാല്‍ ഇതൊരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ ആയിട്ടില്ലാത്തതിനാല്‍ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല. അതിര്‍ത്തികള്‍ അടയ്ക്കുകയോ വ്യാപാരം നിയന്ത്രിക്കുകയോ ചെയ്യരുതെന്ന് ഈ ഐക്യരാഷ്ട്രസഭാ ഏജന്‍സി രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇട്ടൂരി പ്രവിശ്യയിലുള്ള സായുധ കലാപങ്ങളും ജനങ്ങളുടെ തുടര്‍ച്ചയായ പീഡനങ്ങളും/പലായനവും ദുര്‍ബലമായ ആരോഗ്യസംവിധാനങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

എന്താണ് എബോള?

രക്തം, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പടരുന്ന അതിഗുരുതരമായ വൈറല്‍ രോഗമാണ് എബോള. പനി, ഛര്‍ദ്ദി, അതിസാരം, പേശിവേദന, ക്ഷീണം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. 1976ല്‍ കോംഗോയില്‍ എബോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 2018 നും 2020 നും കോംഗോയിലുണ്ടായ എബോള വ്യാപനത്തില്‍ 2300ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.