പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അതിനു മുന്‍പ് കൗമുദി വീക്കിലിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൗതികദേഹം വ്യാഴാഴ്ച രാവിലെ 11.15 മുതല്‍ 11.45 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വ്യാഴം വൈകിട്ട് 3.30ന് തൃക്കണ്ണാപുരത്തെ വീട്ടുവളപ്പില്‍.
|
സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, പട്ടം താണുപിള്ള അവാര്‍ഡ്, കെ സി സെബാസ്റ്റിയന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കെ വിജയരാഘവന്‍ അവാര്‍ഡ്, കെ ബാലകൃഷ്ണന്‍ അവാര്‍ഡ്, പി സി സുകുമാരന്‍നായര്‍ അവാര്‍ഡ്, മികച്ച നിയമസഭ റിപ്പോര്‍ട്ടിംഗിനുള്ള ജി.കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള നിയമസഭാ ചരിത്രവും ധര്‍മവും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1931ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ കൃഷ്ണപിള്ളയുടെയും കെ തങ്കമ്മയുടെയും മകനായി ജനനം. സംഗീതാധ്യാപികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സുഭദ്രാമ്മയാണ് ഭാര്യ. മക്കള്‍ രാജേശ്വരി (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്), സുജ(എല്‍ഐസി ഹൗസിങ് ഫിനാന്‍സ്). മരുമക്കള്‍ രാജശേഖരന്‍ (മുന്‍ അനൗണ്‍സര്‍ ആകാശവാണി), സുനില്‍ കുമാര്‍ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്).
ALSO READ: കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങും



