20
May 2026
Wed
20 May 2026 Wed
dubai sex trade arrest

ഗള്‍ഫ് നാടുകളിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് മാഫിയയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ദുബായ് കേന്ദ്രമാക്കി മലയാളി പെണ്‍കുട്ടികളെ ലൈംഗികവ്യാപാരത്തിനായി കടത്തിയ കേസില്‍ മോഡല്‍ അലീന ഏബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതോടെയാണ് പലതും പുറത്തുവരുന്നത്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അലീന, പെരുമ്പാവൂര്‍ സ്വദേശിനിയും ദുബായിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമയുമായ സ്റ്റോയ്‌സി (സിന്ധു), പൊന്നാനി സ്വദേശിനി മഞ്ജിമ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ മലയാളികളായ മറ്റു രണ്ടു സ്ത്രീകള്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇല്ലാത്ത സ്റ്റേജ് ഷോകളും ഫാഷന്‍ ഷോകളും

ദുബായില്‍ നടക്കുന്ന വമ്പന്‍ സ്റ്റേജ് ഷോകളിലും ഫാഷന്‍ ഷോകളിലും പങ്കെടുപ്പിക്കും എന്ന പേരിലാണ് കാണാന്‍ തരക്കേടില്ലാത്ത പെണ്‍കുട്ടികളെ സംഘം കൊണ്ടുവരുന്നത്. സ്റ്റേജ് ഷോകളുടെ പോസ്റ്റര്‍ മാത്രമേ ഉള്ളൂ എന്ന് ഇവര്‍ ദുബായിലെത്തുമ്പോഴാണ് മനസ്സിലാവുന്നത്. ചിലപ്പോള്‍ തട്ടിക്കൂട്ട് ഷോകള്‍ നടക്കാറുമുണ്ട്. ആദ്യം സ്‌പോണ്‍സര്‍മാര്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന ചില മുതലാളിമാരുടെ ഹോട്ടല്‍ മുറികളിലാണ് ഇത്തരം പെണ്‍കുട്ടികള്‍ എത്തുന്നത്. ഒടുവില്‍ സര്‍വതും നശിച്ച് ജീവിതം അവസാനിപ്പിക്കാന്‍ പോലും ധൈര്യം വരാതെ ഇവര്‍ ബ്യൂട്ടി പാര്‍ലര്‍, മസാജ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുകയാണ് ചെയ്യുന്നത്.

മസാജ് സെന്ററുകളില്‍ ചതിയില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ കഥകള്‍ യഥേഷ്ടം പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ ദുബായ് പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. എന്നിട്ടും ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ചാടിവരുന്നവരാണ് തട്ടിപ്പുകാരുടെ ഇരകളാകുന്നത്.

ALSO READ: ട്രെയ്‌നിലെ ലോഹ പെട്ടിയില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം; ബാഗില്‍ വെട്ടിയെടുത്ത കൈയും കാലുകളും

സിനിമ-സീരിയല്‍ മോഹങ്ങളുമായി കൊച്ചിയിലെത്തുന്ന പെണ്‍കുട്ടികളെയാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദുബായില്‍ വന്‍ തുക പ്രതിഫലം ലഭിക്കുന്ന സ്റ്റേജ് ഷോകള്‍, ഇവന്റുകള്‍, ബ്യൂട്ടി പാര്‍ലര്‍ ജോലികള്‍ എന്നിവ വാഗ്ദാനം ചെയ്ത് സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തിക്കുകയാണ് ഇവരുടെ രീതി. എന്നാല്‍, മുന്‍കാലങ്ങളില്‍ ദുബായില്‍ നടന്ന സമാനമായ പല മനുഷ്യക്കടത്ത് കേസുകളുടെയും തനിയാവര്‍ത്തനമാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ദുബായിലെ പഴയ ‘റിക്രൂട്ടിങ് മാഫിയ’

ഉയര്‍ന്ന ശമ്പളവും ആഡംബര ജീവിതവും വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് ദുബായിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന റാക്കറ്റുകള്‍ മുന്‍പും ദുബായ്-കേരള പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്, കണ്ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളെ ദുബായിലെ പ്രമുഖ ബ്യൂട്ടി പാര്‍ലറുകളില്‍ ‘ബ്യൂട്ടീഷ്യന്‍’ ജോലി വാഗ്ദാനം ചെയ്ത് കടത്തിയിരുന്നു. ദുബായില്‍ എത്തിയ ഉടന്‍ ഇവരുടെ പാസ്പോര്‍ട്ടുകള്‍ വാങ്ങി ലോക്കറിലാക്കുകയും, പിന്നീട് മസാജ് സെന്ററുകളുടെ മറവില്‍ നിര്‍ബന്ധിച്ച് ലൈംഗിക തൊഴിലിന് പ്രേരിപ്പിക്കുകയുമായിരുന്നു. വന്‍ ജനശ്രദ്ധ നേടിയ ഈ കേസില്‍ അന്ന് മലയാളി ദമ്പതികള്‍ ദുബായില്‍ പിടിയിലായിരുന്നു.

സ്റ്റേജ് ഷോകള്‍ക്കും ആല്‍ബം ചിത്രീകരണങ്ങള്‍ക്കുമായി ‘ആര്‍ട്ടിസ്റ്റ്’ വീസ എന്ന പേരില്‍ സന്ദര്‍ശക വീസയില്‍ പെണ്‍കുട്ടികളെ ദുബായില്‍ എത്തിക്കുന്നതായിരുന്നു മറ്റൊരു രീതി.

ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികളെ ഇവിടെയുള്ള ഇന്ത്യക്കാര്‍ക്കും മറ്റ് വിദേശികള്‍ക്കും പണം വാങ്ങി കൈമാറുകയായിരുന്നു ഇവരുടെ വിനോദം. പെണ്‍കുട്ടികളെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തിയിരുന്നു. ദുബായിലെ നായിഫ്, അല്‍ ബര്‍ഷ തുടങ്ങിയ മേഖലകളിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ താമസിപ്പിച്ച് ഫോണ്‍ പോലും നല്‍കാതെ പൂട്ടിയിട്ട സംഭവങ്ങള്‍ മുന്‍പ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട്, കേരള സ്വദേശിനികളായ പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരുക്കേറ്റതോടെയാണ് അന്ന് ആ വന്‍ മാഫിയ പുറത്തറിഞ്ഞത്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍

നിലവിലെ കേസില്‍ ഒന്നാം പ്രതിയായ സ്റ്റോയ്‌സി ദുബായില്‍ നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് പെണ്‍കുട്ടികളെ ദുബായിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. കൊച്ചിയിലെ മോഡലിങ് രംഗത്ത് സജീവമായിരുന്ന അലീന ഏബ്രഹാം, പുതുമുഖ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ സ്റ്റോയ്‌സിയുടെ വലയില്‍ എത്തിക്കുകയുമായിരുന്നു.

ഇത്തരത്തില്‍ ദുബായില്‍ എത്തിച്ച പെണ്‍കുട്ടികളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായാണ് പൊലീസിന് ലഭിച്ച സൂചന. അറസ്റ്റിലായ പ്രതികള്‍ക്ക് ദുബായിലെ പല വന്‍കിട മാഫിയാ സംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് മലയാളി സ്ത്രീകള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് പൊലീസിന്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി. കരിയര്‍ മോഹങ്ങളുമായി ഗള്‍ഫിലേക്ക് തിരിക്കുന്ന പെണ്‍കുട്ടികള്‍ വീസയുടെയും സ്‌പോണ്‍സര്‍മാരുടെയും വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് പൊലീസ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Shocking human trafficking network targeting Malayali girls for sex trade in Gulf countries