22
May 2026
Fri
22 May 2026 Fri
cockroach janta party

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് ഹാന്‍ഡില്‍ വിലക്കിയത് രാജ്യസുരക്ഷാ ആശങ്കകളെ തുടര്‍ന്ന്. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിജെപിക്കെതിരെ കൂടുതല്‍ നടപടികള്‍ക്കും സാധ്യതയുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ഉള്‍പ്പെടെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നും 2000 ലെ ഐടി ആക്ട് സെക്ഷന്‍ 69 അ അനുസരിച്ചാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അക്കൗണ്ട് വിലക്കിയതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരില്‍ പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്ന പാരഡി പാര്‍ട്ടിയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി.

നാല് ദിവസത്തിനുള്ളില്‍ 2 ലക്ഷം ഫോളോവേഴ്‌സ്

‘മേയ് 16-നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അക്കൗണ്ട് ആരംഭിച്ചത്. നാല് ദിവസത്തിനുള്ളില്‍ 2 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയതിനെത്തുടര്‍ന്ന് അക്കൗണ്ട് നിരോധിക്കപ്പെട്ടു,’ സി.ജെ.പി സ്ഥാപകന്‍ എക്‌സില്‍ കുറിച്ചു. സി.ജെ.പിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടന്നതായി ദിപ്‌കെ അവകാശപ്പെട്ടു.

ഈ പ്രഖ്യാപനം നടത്തി രണ്ട് മണിക്കൂറിന് ശേഷം, എക്‌സില്‍ ‘കോക്രോച്ച് ഈസ് ബാക്ക്’ (Cockroach Is Back) എന്ന പേരില്‍ താന്‍ പുതിയ അക്കൗണ്ട് തുടങ്ങിയതായി ദിപ്‌കെ അറിയിച്ചു. ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് ആരംഭിച്ച് ഒരു മണിക്കൂറിലധികം പിന്നിട്ടപ്പോള്‍ (വൈകുന്നേരം 3.40 ഓടെ) ‘കോക്രോച്ച് ഈസ് ബാക്ക്’ അക്കൗണ്ടിന് 16,800 ഫോളോവേഴ്‌സിനെ ലഭിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ (AAP) മുന്‍ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന അഭിജീത് ദിപ്‌കെ മേയ് 16-ന് ആരംഭിച്ച ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.ജെ.പി. തൊഴിലില്ലാത്ത ഇന്ത്യന്‍ യുവാക്കളെ ‘പാറ്റകള്‍’ (Cockroaches) എന്ന് വിശേഷിപ്പിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചത്. എന്നാല്‍, മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി ഉദ്ധരിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

ബിജെപി അക്കൗണ്ടിനെ മറികടന്ന് സിജെപി

ഇന്റര്‍നെറ്റില്‍ വന്‍ തരംഗമായി മാറിയ ഈ പ്രസ്ഥാനത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 1.45 കോടിയിലധികം (14.5 മില്യണ്‍) ഫോളോവേഴ്‌സാണുള്ളത്. ബി.ജെ.പിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തെപ്പോലും (88 ലക്ഷം) ഇത് മറികടന്നു.

അതേസമയം, ‘കോക്രോച്ച്’ എന്ന പേര് ഉപയോഗിക്കുന്ന മറ്റ് നിരവധി അക്കൗണ്ടുകള്‍ ഇപ്പോഴും എക്‌സില്‍ സജീവമാണ്. ‘ദി കോക്രോച്ച് യൂത്ത്’, ‘കോക്രോച്ച് ന്യൂസ്’, ‘ഐ ആം കോക്രോച്ച്’, ‘കോക്രോച്ച് പാര്‍ട്ടി ഓഫ് ഇന്ത്യ’, ‘കോക്രോച്ച് ജനതാ പാര്‍ട്ടി (ജെന്‍ സി)’ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരും പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ഭരദ്വാജ് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും ഈ പ്രസ്ഥാനത്തോട് താല്പര്യം പ്രകടിപ്പിക്കുകയും ഇതില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്.

ഒരു ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ പ്രോജക്റ്റായി തുടങ്ങിയ ഈ മുന്നേറ്റം, സമകാലിക പ്രതിഷേധങ്ങളെക്കുറിച്ചും അതില്‍ ഹാസ്യത്തിനും മീം (meme) സംസ്‌കാരത്തിനുമുള്ള പങ്കിനെക്കുറിച്ചുമുള്ള വിപുലമായ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴിതുറന്നിരിക്കുന്നത്.

‘യുവാക്കള്‍ക്കിടയിലുള്ള നിരാശയുടെ പ്രതിഫലനം’

ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ 1.8 കോടിയിലധികം (18 മില്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച, രാജ്യത്തെ യുവാക്കള്‍ക്കിടയിലെ വ്യാപകമായ നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു.

‘ദി ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍, നിലവിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തോടുള്ള ആഴത്തിലുള്ള അതൃപ്തിയുടെ സൂചനയാണ് ഇന്റര്‍നെറ്റില്‍ തരംഗമായ ഈ പ്രതിഭാസമെന്ന് തരൂര്‍ വിശേഷിപ്പിച്ചു. നിരാശരായ യുവ വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രതിപക്ഷം ഇതൊരു അവസരമായി കാണണമെന്നും അദ്ദേഹം വാദിച്ചു.