22
May 2026
Thu
22 May 2026 Thu
Cockroach Janta Party

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) കുതിപ്പ് തുടരുന്നു. പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ചിത്രങ്ങളും ചെറുവീഡിയോകളും ഉള്‍പ്പെടെ അന്‍പതോളം പോസ്റ്റുകള്‍ മാത്രമാണ് ഇതിനകം സിജെപി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘യുവാക്കള്‍ക്കുവേണ്ടി യുവാക്കളാല്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി’ എന്നാണ് സിജെപിയുടെ ഇന്‍സ്റ്റഗ്രാം ബയോവിലുള്ളത്. അഭിജീത്ത് ദിപ്കെ എന്ന യുവാവാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് പിന്നില്‍. സിജെപിയുടെ സ്ഥാപക പ്രസിഡന്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടിക്കായി വെബ്സൈറ്റും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആര്‍ക്കും ‘പാര്‍ട്ടി’യില്‍ ചേരാം.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ്, ചലച്ചിത്രപ്രവര്‍ത്തകരായ അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ് കൊമേഡിയനായ കുനാല്‍ കമ്ര തുടങ്ങിയവര്‍ ഇതിനകം ‘പാര്‍ട്ടി’യില്‍ ‘അംഗത്വ’മെടുത്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണത്തില്‍ നേരത്തേ ബിജെപിയെ, സിജെപി മറികടന്നിരുന്നു. 87 ലക്ഷം ഫോളോവര്‍മാരാണ് ബിജെപിക്കുള്ളത്. നിലവില്‍ ഒരുകോടി 8 ലക്ഷം ഫോളോവര്‍മാരുള്ള കോക്രോച്ച് പാര്‍ട്ടിയുടെ മുന്നില്‍ ഇനിയുള്ളത് കോണ്‍ഗ്രസാണ്. ഒരുകോടി 33 ലക്ഷം ഫോളോവര്‍മാരാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ഫോളോ ചെയ്യുന്നത്.

cjp

സുപ്രീംകോടതിയിലെ ഒരു വാദത്തിനിടെ, തൊഴിലില്ലാത്ത യുവാക്കള്‍ ആര്‍ടിഐ പ്രവര്‍ത്തകരായി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അവര്‍ ‘പാറ്റകളെപ്പോലെ’ പെരുകുകയാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമര്‍ശം. തൊഴിലില്ലാത്ത ഒരു കൂട്ടം യുവാക്കള്‍ ആക്ടിവിസ്റ്റുകളായി മാറി ഭരണകൂട വ്യവസ്ഥിതിയെ (സിസ്റ്റത്തെ) ആക്രമിക്കാന്‍ തുടങ്ങുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് അദ്ദേഹം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ വ്യാജ ബിരുദമുള്ളവരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് അദ്ദേഹം തലയൂരാന്‍ ശ്രമിച്ചെങ്കിലും യുവജനത ഈ വിശദീകരണം തള്ളി.

‘മടിയന്മാരും എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവരും തൊഴിലില്ലാത്തവരുമായ യുവാക്കളുടെ പാര്‍ട്ടി’ എന്ന പ്രഖ്യാപനത്തോടെയാണ് സിജെപി ഡിജിറ്റല്‍ പ്രതിഷേധം ആരംഭിച്ചത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അഭിജീത് ദിപ്‌കെയാണ് ഈ വേറിട്ട സമരരൂപത്തിന് പിന്നില്‍. ജുഡീഷ്യറിയിലെ പ്രീണനം അവസാനിപ്പിക്കണമെന്ന് തുടങ്ങി അഞ്ചിന മാനിഫെസ്റ്റോ പാര്‍ട്ടി മുന്നോട്ട് വെക്കുന്നുണ്ട്.

Cockroach Janata Party Instagram page viral