എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പാമ്പിന്റെ കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നിഷേധിച്ചതായി പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് എടപ്പാള്‍ പാടത്തങ്ങാടി സ്വദേശിനി ഷഹലക്ക് ദുരനുഭവമുണ്ടായത്. ആശുപത്രിയില്‍ ഫിസിഷ്യനില്ലെന്നും ഇറങ്ങി പൊയ്‌ക്കോ എന്ന് വനിതാ ഡോക്ടര്‍ പറഞ്ഞെന്നും ഷഹല ആരോപിച്ചു.
|
പൊലീസ് വിളിച്ചു പറഞ്ഞ ശേഷമാണ് പെയിന്‍ കില്ലറും ഇന്‍ജെക്ഷനും നല്‍കിയത്. അതേസമയം, ഫിസിഷ്യന്‍ ഇല്ലാത്തതുകൊണ്ടാണ് ചികിത്സ നല്‍കാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഏപ്രില്‍ 27നാണ് 22കാരിയായ ഷഹലക്ക് കരിമൂര്‍ഖന്റെ കടിയേല്‍ക്കുന്നത്. ഒരു മാസത്തിനിപ്പുറവും ഛര്‍ദി നില്‍ക്കാത്തതിനെതുടര്‍ന്നാണ് ആദ്യം എടപ്പാള്‍ സാമൂഹികരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും ചികിത്സാ തേടിയത്. എന്നാല്‍ ഫിസിഷ്യന്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാനാകില്ലെന്ന് അറിയിച്ചെന്നും പിന്നീട് പൊലീസ് വിളിച്ചുപറഞ്ഞതിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്നുമാണ് ഷഹല പറയുന്നത്.
താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മോശമായി പെരുമാറിയെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാനാണ് 22കാരിയുടെ തീരുമാനം.


