31
May 2026
Sun
31 May 2026 Sun
mother and step father remanded over murder of 18 months old kid in Nedumangad

നെടുമങ്ങാട്ട് ഒന്നരവയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ അമ്മയും രണ്ടാനച്ഛനും റിമാന്‍ഡില്‍. അര്‍ഷിദിന്റെ മരണത്തിലാണ് അമ്മ അഖിലയെയും രണ്ടാനച്ഛന്‍ അഷ്‌കറിനെയും നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മൃതദേഹ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ 91 മുറിവുകള്‍ കണ്ടെത്തിയിരുന്നു. അമ്പതിലധികം മുറിവുകള്‍ ശരീരത്തിനു പുറമേയും നാല്‍പതോളം പരിക്കുകള്‍ ആന്തരികമായുമാണ് ഉണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മാസത്തിനുള്ളിലാണ് ഈ മുറിവുകള്‍ എല്ലാം ഉണ്ടായതെന്നാണ് കണ്ടെത്തല്‍. കുഞ്ഞിനെ ഉപദ്രവിക്കുന്നത് അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് പോലീസ് കണ്ടെത്തല്‍. കുഞ്ഞിന്റെ കൈകള്‍ രണ്ടും ഒടിഞ്ഞത് വീഴ്ച മൂലമല്ലെന്ന നിഗമനവും അന്വേഷണസംഘത്തിനുണ്ട്.

അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടില്‍ പോയ സമയത്തായിരുന്നു അര്‍ഷിദിനെ കൊന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു. പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കറും കുറ്റം സമ്മതിക്കുകയായിരുന്നു. ചോറു കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ തലയില്‍ ശക്തമായി അടിക്കുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. ഇതോടെ കുഞ്ഞിന്റെ അനക്കം നിലച്ചു. തുടര്‍ന്നാണ് ഇയാള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

ഇതിനിടെ അഷ്‌കര്‍ കൊടും ക്രിമിനലാണെന്ന വിവരവും പുറത്തുവന്നു. ആദ്യ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഇയാള്‍ ഇവരുടെ തല ഭിത്തിയിലിടിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ഒരുവര്‍ഷത്തിലധികം കോമയിലായിരുന്നു. വിദഗ്ധ ചികില്‍സയിലൂടെ ബോധം തിരികെ വന്നെങ്കിലും ഓര്‍മ വീണ്ടെടുക്കാന്‍ യുവതിക്ക് ഇനിയും ആയിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നപ്പോഴാണ് അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ കുടുംബം പ്രതിയുടെ ക്രൂരത വെളിപ്പെടുത്തിയത്.

ALSO READ: നെടുമങ്ങാട്ട് ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും പിടിയില്‍