മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചനലം, പിന്നാലെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഫിലിപ്പീന്‍സിലെ മിന്ദനാവോ (Mindanao) ദ്വീപിന് സമീപമാണ് അതിശക്തമായ ഭൂചലനമുണ്ടായത്.
|
പ്രാദേശിക സമയം രാവിലെ 7:40 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (USGS) അറിയിച്ചു.
ഫിലിപ്പീന്‍സിന്റെ തീരപ്രദേശങ്ങളില്‍ 3 മീറ്റര്‍ വരെ ഉയരമുള്ള സുനാമി തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില ഭാഗങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്.
ഭൂചലനത്തിന്റെ തീവ്രത ആദ്യം 8.2 ആയിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് യുഎസ് നാഷണല്‍ സുനാമി വാണിംഗ് സെന്റര്‍ ഇത് 7.8 ആയി പുതുക്കി നിശ്ചയിച്ചു. ഈ ഭൂചലനം യുഎസ് തീരങ്ങളെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കടല്‍ക്ഷോഭത്തിനും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സാരംഗാനി (Sarangani), ദാവോ ഒക്‌സിഡന്റല്‍ (Davao Occidental), തവി-താവി (Tawi-tawi), സുലു (Sulu) ഉള്‍പ്പെടെ ഒമ്പത് പ്രവിശ്യകളിലെ തീരപ്രദേശങ്ങളിലുള്ളവര്‍ ഉടന്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ഉള്‍നാടുകളിലേക്കോ മാറിത്താമസിക്കണമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി (PHIVOLCS) നിര്‍ദ്ദേശിച്ചു.
‘മേല്‍പ്പറഞ്ഞ പ്രവിശ്യകളിലെ തുറമുഖങ്ങളിലോ നദീമുഖങ്ങളിലോ ആഴം കുറഞ്ഞ തീരക്കടലിലോ ഉള്ള ബോട്ട് ഉടമകള്‍ തങ്ങളുടെ ബോട്ടുകള്‍ സുരക്ഷിതമായി കെട്ടിയിടുകയും തീരത്തുനിന്ന് മാറിനില്‍ക്കുകയും വേണം. നിലവില്‍ കടലിലുള്ള ബോട്ടുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലില്‍ തന്നെ തുടരേണ്ടതാണ്,’ എന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു.
Tsunami warnings issued after powerful earthquake off Philippines


