12
Jun 2026
Fri
12 Jun 2026 Fri
train platform ticket

മുംബൈ: ബന്ധുക്കളെ യാത്രയയക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിച്ചയാള്‍ക്ക് 500 രൂപ പിഴ ചുമത്തി റെയില്‍വേ. മുംബൈയിലെ കല്ല്യാണ്‍ ജങ്ഷനിലാണ് അത്യപൂര്‍വ്വമായ ഈ സംഭവം നടന്നത്. ട്രെയിന്‍ വരാന്‍ മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്ന ചൗഹാന്‍ എന്ന യാത്രക്കാരനാണ് റെയില്‍വേയുടെ കടുത്ത നടപടിക്ക് ഇരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്ധുക്കളെ പവന്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ കയറ്റിവിടാനായാണ് ചൗഹാന്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ 20 രൂപ നല്‍കി പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തത്. എന്നാല്‍ നിശ്ചിത സമയത്ത് എത്തേണ്ടിയിരുന്ന ട്രെയിന്‍ ആറര മണിക്കൂറിലധികം വൈകിയാണ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ ട്രെയിനില്‍ കയറ്റാന്‍ സഹായിക്കുന്നതിനിടെ അവിടെയെത്തിയ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ (ടി.ടി.ഇ) ചൗഹാന്റെ പ്ലാറ്റ്ഫോം ടിക്കറ്റ് പരിശോധിക്കുകയും പിഴ ഈടാക്കുകയുമായിരുന്നു.

പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ കാലാവധി രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ മാത്രമാണെന്നും സമയപരിധി കഴിഞ്ഞതിനാല്‍ ‘എക്‌സസ് ഫെയര്‍’ (Excess Fare) നിയമപ്രകാരം 500 രൂപ പിഴയൊടുക്കണമെന്നും ടി.ടി.ഇ നിര്‍ദ്ദേശിച്ചു. സ്റ്റേഷനുകളിലെ അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനാണ് റെയില്‍വേ ഇത്തരത്തില്‍ പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.

ALSO READ: ”പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുരുഷ ലിംഗങ്ങളുടെ വലുപ്പം നോക്കും!..” കമന്റടിക്കുമെന്ന് വനിതാ ഡോക്ടര്‍; ഇടപെട്ട് പോലീസ്

താന്‍ മനഃപൂര്‍വ്വം സമയം വൈകിപ്പിച്ചതല്ലെന്നും റെയില്‍വേയുടെ വീഴ്ച കാരണം ട്രെയിന്‍ വൈകിയതിനാലാണ് സ്റ്റേഷനില്‍ തുടരേണ്ടി വന്നതെന്നും ചൗഹാന്‍ വാദിച്ചെങ്കിലും അധികൃതര്‍ പിന്‍മാറിയില്ല. തുടര്‍ന്ന് ചൗഹാന്‍ റെയില്‍വേ അധികൃതരുമായി തര്‍ക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.

ട്രെയിന്‍ കൃത്യസമയത്ത് ഓടിക്കാന്‍ കഴിയാത്ത റെയില്‍വേ, അതിന്റെ പേരില്‍ സാധാരണക്കാരനില്‍ നിന്ന് പിഴ ഈടാക്കുന്നത് കടുത്ത അനീതിയാണെന്ന് ഭൂരിഭാഗം ആളുകളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. എന്നാല്‍ റെയില്‍വേയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും സമയപരിധി കഴിഞ്ഞാല്‍ പിഴ ഈടാക്കുന്നത് സ്വാഭാവികമാണെന്നും വാദിക്കുന്നവരുണ്ട്. സംഭവത്തില്‍ ചൗഹാന്‍ റെയില്‍വേയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പിഴത്തുക ഇതുവരെ റീഫണ്ട് ചെയ്തിട്ടില്ല.

Man Fined ₹500 for Waiting 5+ Hours on Expired Platform Ticket at Kalyan Station