യുഎഇയിലെ ക്രിക്കറ്റ് പ്രേമികളെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി മലയാളി ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ പരിചിതനായ ദുബായ് സ്വദേശി മുഹമ്മദ് സഫ്വാന്‍ ഷാനുവിന് (38) വിട. ഞായറാഴ്ച രാവിലെ പതിവ് ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ സഫ്വാന്റെ മൃതദേഹം തിങ്കളാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം അല്‍ ഖുസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അവസാനമായി ഒരുനോക്ക് കാണാന്‍ ഇന്ത്യയില്‍ നിന്നെത്തിയ മാതാപിതാക്കളും നൂറുകണക്കിന് സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു.
|
കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ സഫ്വാന്‍ കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുണ്ട്. എട്ട് വര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. ഭാര്യയും മൂന്ന് ആണ്‍കുട്ടികളും നാല് മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമടങ്ങുന്നതാണ് സഫ്വാന്റെ കുടുംബം. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.
ALSO READ: ‘യാത്രകള്‍ ഞാന്‍ ആസ്വദിക്കുന്നു’; ആമസോണിലെ ജോലി ഉപേക്ഷിച്ച് ഊബര്‍ ഡ്രൈവറായി യുവാവ്
ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു കളിസ്ഥലത്തെ നടുക്കിയ സംഭവം. വര്‍ഷങ്ങളായി സുഹൃത്തുക്കളോടൊപ്പം ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കുന്നത് സഫ്വാന്റെ പതിവായിരുന്നു. ശനിയാഴ്ച വൈകുന്നേരവും ദുബായ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ പോയി മീനും സാധനങ്ങളും വാങ്ങി സാധാരണ പോലെയാണ് സഫ്വാന്‍ വീട്ടിലേക്ക് മടങ്ങിയതെന്ന് സുഹൃത്ത് നബീല്‍ കാരിക്കല്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരേ കാറിലാണ് കളിസ്ഥലത്തേക്ക് പോയതും. എന്നാല്‍ ബാറ്റിങ്ങിനിടെ സഫ്വാന്‍ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പ്രഥമശുശ്രൂഷ (സിപിആര്‍) നല്‍കുകയും ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ദുബായിലെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ മികച്ച ബാറ്റ്‌സ്മാനായി അറിയപ്പെട്ടിരുന്ന സഫ്വാന്‍ നിരവധി ടൂര്‍ണമെന്റുകളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കളിക്കളത്തിലെ മികവിനൊപ്പം തന്നെ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നതിലും സഫ്വാന്‍ മുന്നിലായിരുന്നുവെന്ന് ദുബായിലെ നവായത്ത് കമ്മ്യൂണിറ്റി നേതാവ് മുനീരി അതീഖുര്‍ റഹ്‌മാനും കുട്ടിക്കാലം മുതലുള്ള സുഹൃത്ത് മൊഹ്തസിം ജക്തിയും ഓര്‍മ്മിച്ചു.
Dubai resident dies while playing cricket; parents fly in for burial

