ദുബായ്: സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഓഫീസില്‍ നിന്ന് അഡ്വാന്‍സ് തുക ആവശ്യപ്പെട്ട് ഇമെയില്‍ അയക്കാന്‍ തുടങ്ങുകയായിരുന്നു ഗൗരവ് മദന്‍. എന്നാല്‍ കൃത്യം 15 മിനിറ്റുകള്‍ക്കപ്പുറം അദ്ദേഹത്തെ തേടിയെത്തിയത് ജീവിതം തന്നെ മാറ്റിമറിച്ച ഒരു ഫോണ്‍ കോളായിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ 1 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 3.67 മില്യണ്‍ ദിര്‍ഹം / 8.3 കോടിയിലധികം ഇന്ത്യന്‍ രൂപ) തനിക്ക് സമ്മാനമായി ലഭിച്ചെന്ന വാര്‍ത്തയാണ് ആ ഫോണ്‍ കോള്‍ ഗൗരവിനെ അറിയിച്ചത്.
|
ദുബായില്‍ ലീഗല്‍ കൗണ്‍സലായും കംപ്ലയന്‍സ് പ്രൊഫഷണലായും ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്വദേശിയാണ് ഗൗരവ് മദന്‍. അടുത്തിടെ ദുബായില്‍ ബുക്ക് ചെയ്ത 24 ലക്ഷം ദിര്‍ഹത്തിന്റെ വീടിന്റെ സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെ മാനേജ് ചെയ്യുമെന്ന് ഭാര്യയുമായി ചര്‍ച്ച ചെയ്യുകയായിരുന്നു താനെന്ന് ഗൗരവ് ‘ഖലീജ് ടൈംസിനോട്’ പറഞ്ഞു.
‘പെരുന്നാള്‍ അവധിക്ക് ഞങ്ങള്‍ ഇതിനെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. വീട് ബുക്ക് ചെയ്തതിനാല്‍ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന് കണക്കുകൂട്ടുകയായിരുന്നു. ഓഫീസില്‍ നിന്ന് അഡ്വാന്‍സ് തുക ചോദിക്കാനായി ഇമെയില്‍ ടൈപ്പ് ചെയ്യുന്നതിനിടയിലാണ് ഫോണ്‍ ബെല്ലടിക്കുന്നത്.’ ഗൗരവ് ഓര്‍ക്കുന്നു.
ALSO READ: ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി; എതിര്‍പ്പുമായി കോണ്‍ഗ്രസ് സര്‍വീസ് സംഘടന
ആദ്യം ഇതൊരു തമാശയാണെന്നാണ് അദ്ദേഹം കരുതിയത്. ഫോണില്‍ വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതിനിടയില്‍ തന്നെ ഗൗരവ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് ലൈവ് സ്ട്രീമും പരിശോധിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ തനിക്ക് തന്നെയാണ് ബമ്പര്‍ അടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു.
സ്വപ്നഭവനവും മകളുടെ ഉപരിപഠനവും
2023 ജൂലൈയിലാണ് ഭാര്യയ്ക്കും ഒന്‍പത് വയസ്സുകാരിയായ മകള്‍ക്കുമൊപ്പം ഗൗരവ് യുഎഇയില്‍ എത്തിയത്. വീട് വാങ്ങാനായി 17 ലക്ഷം ദിര്‍ഹം ലോണ്‍ എടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ദുബായില്‍ നിന്ന് തന്നെ ലഭിച്ച ഈ ഭാഗ്യപ്പണം ഇവിടെത്തന്നെ നിക്ഷേപിക്കാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനം.
ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനേക്കാള്‍ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഗൗരവ് മുന്‍ഗണന നല്‍കുന്നത്.
‘സ്വന്തം വീടെന്ന സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒപ്പം മകളുടെ ഉപരിപഠനത്തിനായി കൂടുതല്‍ ആത്മവിശ്വാസത്തോടെ പണം കരുതിവെക്കാനും സാധിക്കും. 10 വര്‍ഷം കഴിയുമ്പോള്‍ വിദ്യാഭ്യാസച്ചെലവ് ഇന്നത്തേക്കാള്‍ വളരെ കൂടുതലായിരിക്കുമല്ലോ.’ ഗൗരവ് പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം റിയല്‍ എസ്റ്റേറ്റിലും ബാക്കി തുക ഫിക്‌സഡ് ഡെപ്പോസിറ്റായും നിക്ഷേപിക്കാനാണ് പ്ലാന്‍.
ഭാഗ്യം കൊണ്ടുവന്ന ‘ഐ ആം ഫീലിംഗ് ലക്കി’
മേയ് മൂന്നാം വാരത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ഗൗരവ് ഈ ടിക്കറ്റ് എടുത്തത്. അദ്ദേഹം എടുക്കുന്ന 41-ാമത്തെ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റായിരുന്നു ഇത്. ഒരിക്കലും സ്വന്തമായി നമ്പറുകള്‍ തിരഞ്ഞെടുക്കാറില്ലെന്ന് അദ്ദേഹം പറയുന്നു.
‘ടിക്കറ്റ് എടുക്കുമ്പോള്‍ സിസ്റ്റം തന്നെ റാന്‍ഡമായി നമ്പര്‍ ജനറേറ്റ് ചെയ്യുന്ന ‘ഐ ആം ഫീലിംഗ് ലക്കി’ (I am Feeling Lucky) എന്ന ഓപ്ഷനാണ് ഞാന്‍ എപ്പോഴും ഉപയോഗിക്കാറുള്ളത്. ഇത്തവണയും അത് തന്നെയാണ് ചെയ്തത്.’
യുഎഇയിലേക്ക് താമസം മാറുന്നതിന് മുന്‍പ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദുബായ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുമ്പോഴും ഗൗരവ് ടിക്കറ്റുകള്‍ എടുക്കാറുണ്ടായിരുന്നു.
ജോലി ഉപേക്ഷിക്കില്ല
ജീവിതം മാറിമറിഞ്ഞെങ്കിലും ജോലി ഉപേക്ഷിക്കാന്‍ ഗൗരവിന് ഭാവമില്ല. താന്‍ ജോലിയില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അപ്രതീക്ഷിതമായി എത്തിയ വലിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുടുംബം. ഭാര്യ സ്‌പെഷ്യല്‍ വിഭവങ്ങള്‍ പാകം ചെയ്തും മകള്‍ അതീവ സന്തോഷത്തിലുമാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
‘സ്വന്തം രാജ്യം വിട്ട് മറ്റൊരു നാട്ടിലേക്ക് വരുമ്പോള്‍ നമ്മള്‍ ഒരുപാട് സ്വപ്നങ്ങളുമായാണ് വരുന്നത്. ചില ലക്ഷ്യങ്ങള്‍ നേടാന്‍ 10-ഓ 15-ഓ വര്‍ഷങ്ങള്‍ എടുത്തേക്കാം എന്ന് വിചാരിക്കും. എന്നാല്‍ ഈ വലിയ ഭാഗ്യത്തോടെ ആ ലക്ഷ്യങ്ങളെല്ലാം വളരെ പെട്ടെന്ന് കൈപ്പിടിയിലൊതുങ്ങിയതുപോലെ തോന്നുന്നു.’ ഗൗരവ് പറഞ്ഞുനിര്‍ത്തി.
Dubai resident wins $1 million 15 minutes after seeking help to buy dream home

