26
Jun 2026
Wed
26 Jun 2026 Wed
jaipur women khadija terror link

ജയ്പൂര്‍: ജയ്പൂരില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്ത ജയ്ഷെ മുഹമ്മദ് (JeM) സ്ലീപ്പര്‍ സെല്‍ അംഗമെന്ന് സംശയിക്കുന്ന ബബിത ധാക്കഡ് എന്ന ഖദീജയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഏഴ് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലില്‍, ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദ ആശയപ്രചാരണം, യുവതികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഹണിട്രാപ്പ് തന്ത്രങ്ങള്‍ എന്നിവയടക്കം നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം അവകാശപ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ട് വര്‍ഷമായി ബബിത പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നെറ്റ്വര്‍ക്കിനുള്ളില്‍ വലിയൊരു ചുമതലയ്ക്കായി ഇവരെ തയ്യാറാക്കുകയായിരുന്നു എന്നാണ് ഏജന്‍സികളുടെ നിഗമനം. ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിച്ചതില്‍ നിന്നും ചാവേര്‍ ആക്രമണങ്ങളെക്കുറിച്ചും തീവ്രവാദ ആശയങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് തിരഞ്ഞിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

പട്ടാളക്കാരെ ലക്ഷ്യമിട്ടുള്ള ഹണിട്രാപ്പ്

സോഷ്യല്‍ മീഡിയ വഴി ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് അവരെ ഹണിട്രാപ്പില്‍ (തേന്‍കെണി) വീഴ്ത്താന്‍ ബബിതയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിനായി ഇവര്‍ നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകളും സന്ദേശങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. പല സംസ്ഥാനങ്ങളിലുള്ള വ്യക്തികളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നും, യുവതികളെ തീവ്രവാദ ശൃംഖലകളിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.

ALSO READ: കൊലപാതകത്തിന് നാല് ദിവസം മുന്‍പും വധശ്രമം; ‘പാമ്പ്’ എന്ന് നിലവിളിച്ച് കെട്ടിപ്പിടിച്ച് പ്രതിശ്രുത വധു, ഒടുവില്‍ ദാരുണാന്ത്യം

ക്രിപ്റ്റോകറന്‍സി (Cryptocurrency) വഴി ഇവര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള എന്‍ക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇവര്‍ പാക് ഭീകരരുമായി ബന്ധപ്പെട്ടിരുന്നത്.

മതംമാറ്റവും തെളിവ് നശിപ്പിക്കലും

അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ബബിത ‘ഖദീജ’ എന്ന പേര് സ്വീകരിക്കുകയും ഈ ഭീകരവാദ ശൃംഖലയിലുള്ള ചിലരുടെ സ്വാധീനവലയത്തില്‍ അകപ്പെടുകയുമായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുകയും, നിരന്തരമായി ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫോറന്‍സിക് വിദഗ്ധര്‍.

നിലവില്‍ എടിഎസ് ഇവരുടെ ഡിജിറ്റല്‍ ഇടപാടുകളും സാമ്പത്തിക സ്രോതസ്സുകളും മറ്റ് ബന്ധങ്ങളും മാപ്പ് ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിലൂടെ ഈ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. തുടരന്വേഷണത്തിലും കോടതി നടപടികളിലൂടെയും മാത്രമേ ഈ ആരോപണങ്ങളില്‍ അന്തിമ സ്ഥിരീകരണമുണ്ടാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.