ലണ്ടന്‍: 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന കന്നി മെഗാ ലോകകപ്പായ 2026 ഫിഫ ലോകകപ്പിലെ നോക്കൗട്ട് യോഗ്യതകള്‍ പ്രവചനാതീതമായി മാറുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമുകള്‍ തുല്യ പോയിന്റിലെത്തുമ്പോള്‍ ആരാകും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് തീരുമാനിക്കാന്‍ ഇത്തവണ ഫിഫ പുതിയ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. (2026 World Cup tiebreak rules ) മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ‘ഹെഡ്-ടു-ഹെഡ്’ (Head-to-Head) അഥവാ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ ഫലങ്ങള്‍ക്കാണ് ഫിഫ ഒന്നാം മുന്‍ഗണന നല്‍കുന്നത്.
|
നിലവില്‍ ജൂലൈ 4ന് അര്‍ജന്റീനയും കബോ വെര്‍ദെയും നോക്കട്ട് റൗണ്ടില്‍ ഏറ്റുമുട്ടുമെന്ന് ഫിഫ വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫ മാച്ച് ഷെഡ്യൂള്‍ പ്രകാരം ഗ്രൂപ്പ് ജെയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് എച്ചിലെ റണ്ണറപ്പും തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. ഗ്രൂപ്പ് ജെയില്‍ ഇനിയും മല്‍സരങ്ങള്‍ ബാക്കിയുണ്ട്. അടുത്ത മല്‍സരങ്ങളില്‍ ആസ്‌ത്രേലിയ അല്‍ജീരിയയെ 3-0ന് തോല്‍പ്പിക്കുകയും അര്‍ജന്റീന ജോര്‍ദാനോട് 3-0ന് തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീനയക്കും ആസ്ട്രിയക്കും 6 പോയിന്റ് വീതമാകും. ഫിഫയുടെ പഴയ നിയമ പ്രകാരം ഗോള്‍ വ്യത്യാസം 3 ഉള്ള ആസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയും ചെയ്യും.
ഇവിടെയാണ് ഫിഫയുടെ ഫുതിയ ‘ഹെഡ്-ടു-ഹെഡ്’ പ്രയോറിറ്റിറ്റി ്പ്രസക്തമാവുന്നത്.
ഇതു പ്രകാരം ഗ്രൂപ്പില്‍ രണ്ട് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ടീമുകള്‍ ഒരേ പോയിന്റില്‍ എത്തിയാല്‍, അവര്‍ തമ്മില്‍ കളിച്ച മത്സരത്തിലെ പ്രകടനമാണ് ആദ്യം വിലയിരുത്തുക. അതിനുശേഷമേ മൊത്തം ഗോള്‍ വ്യത്യാസവും സ്‌കോര്‍ ചെയ്ത ഗോളുകളും പരിഗണിക്കൂ. ദുര്‍ബലരായ മറ്റ് ടീമുകള്‍ക്കെതിരെ വലിയ മാര്‍ജിനില്‍ ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന ശൈലിക്ക് പകരമായി, ഒപ്പത്തിനൊപ്പമുള്ള ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഫിഫ ഈ മാറ്റം വരുത്തിയത്.
ALSO READ: ലോകകപ്പില്‍ ചരിത്രമെഴുതി കേപ് വെര്‍ദെ; നോക്കൗട്ടില്‍ എതിരാളികള്‍ അര്‍ജന്റീന
പുതിയ നിയമപ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ ടൈബ്രേക്കറുകള്‍ താഴെ പറയുന്ന മുന്‍ഗണനാ ക്രമത്തിലാണ് (Order of Tiebreakers) തീരുമാനിക്കപ്പെടുക:
1. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ പോയിന്റ് (Head-to-head points):
തുല്യത പാലിക്കുന്ന ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയിന്റുകള്‍ ആദ്യം പരിശോധിക്കും. ഉദാഹരണത്തിന്, ടീം എ-യും ടീം ബി-യും ഒരേ പോയിന്റില്‍ എത്തിയാല്‍, അവര്‍ തമ്മില്‍ കളിച്ച മത്സരത്തില്‍ ജയിച്ച ടീം എ ആയിരിക്കും ഉയര്‍ന്ന റാങ്കിലെത്തുക (അവരുടെ മൊത്തം ഗോള്‍ വ്യത്യാസം കുറവാണെങ്കില്‍ പോലും).
2. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ ഗോള്‍ വ്യത്യാസം (Head-to-head goal difference):
മൂന്നോ അതിലധികമോ ടീമുകള്‍ ഒരേ പോയിന്റില്‍ വരുകയും, അവര്‍ തമ്മിലുള്ള മത്സരങ്ങളിലെ പോയിന്റും തുല്യമാവുകയും ചെയ്താല്‍, അവര്‍ പരസ്പരം കളിച്ച മത്സരങ്ങളിലെ ഗോള്‍ വ്യത്യാസം (GD) മാത്രമായി ഒരു ‘മിനി ടേബിള്‍’ ഉണ്ടാക്കി പരിശോധിക്കും.
3. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നേടിയ ഗോളുകള്‍ (Head-to-head goals scored):
തമ്മില്‍ കളിച്ച മത്സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ അടിച്ച ടീമിന് ഇവിടെ മുന്‍ഗണന ലഭിക്കും.
4. മൊത്തം ഗോള്‍ വ്യത്യാസം (Overall goal difference):
മുകളിലുള്ള മൂന്ന് നിയമങ്ങള്‍ കൊണ്ടും ഗ്രൂപ്പിലെ ടൈ അഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ ഫിഫ നാലാമത്തെ ഘട്ടത്തിലേക്ക് കടക്കൂ. ഇവിടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി ടീം ആകെ നേടിയതും വഴങ്ങിയതുമായ ഗോളുകളുടെ വ്യത്യാസം പരിശോധിക്കും.
5. ആകെ അടിച്ച ഗോളുകള്‍ (Overall goals scored):
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി ആകെ കൂടുതല്‍ ഗോളുകള്‍ അടിച്ച ടീം മുന്നിലെത്തും.
6. ഫെയര്‍ പ്ലേ പോയിന്റുകള്‍ (Fair Play points):
മത്സരങ്ങളില്‍ കളിക്കാരും പരിശീലകരും വാങ്ങിക്കൂട്ടുന്ന മഞ്ഞ, ചുവപ്പ് കാര്‍ഡുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണിത് കണക്കാക്കുന്നത്. അനാവശ്യമായി കാര്‍ഡുകള്‍ വാങ്ങി മോശം അച്ചടക്ക റെക്കോര്‍ഡുള്ള ടീമുകള്‍ക്ക് ഇവിടെ പോയിന്റ് നഷ്ടമാകും. മികച്ച അച്ചടക്കം പാലിച്ച ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ഒരു യെല്ലോ കാര്‍ഡ് പോലും ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങളെ മാറ്റിമറിച്ചേക്കാം.
7. ഫിഫ ലോക റാങ്കിംഗ് (FIFA World Ranking):
മുകളിലുള്ള എല്ലാ ഘട്ടങ്ങളിലും ടീമുകള്‍ ഒരേപോലെ തുടരുന്ന അത്യപൂര്‍വ്വ സാഹചര്യമുണ്ടായാല്‍, ഫിഫയുടെ ഏറ്റവും പുതിയ ഔദ്യോഗിക ലോക റാങ്കിംഗില്‍ (FIFA Men’s World Ranking) മുന്നിലുള്ള ടീമിനെ വിജയികളായി പ്രഖ്യാപിക്കും. മുന്‍കാലങ്ങളിലെപ്പോലെ നറുക്കെടുപ്പിലൂടെ (Drawing of lots) ഭാഗ്യം പരീക്ഷിക്കുന്ന രീതി ഒഴിവാക്കാനാണ് ഫിഫ റാങ്കിംഗ് സമ്പ്രദായം അവസാന ഘട്ടമായി ഉള്‍പ്പെടുത്തിയത്.
2026 World Cup tiebreak rules: What happens if teams finish tied in the group stage?





