02
Jul 2026
Thu
02 Jul 2026 Thu
Bengaluru daycare

ബംഗളൂരു: രണ്ട് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീന്റെ ഡ്രമ്മിനുള്ളില്‍ ഇരുത്തുക, കരയുമ്പോള്‍ വായ അടപ്പിക്കാന്‍ ടോയ്ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വായയിലേക്ക് വെള്ളം ചീറ്റിക്കുക, ബാത്ത്‌റൂമുകളില്‍ പൂട്ടിയിടുക… ബംഗളൂരുവിലെ ഒരു പ്രമുഖ ഡേകെയര്‍ സെന്ററില്‍ കുരുന്നുകള്‍ക്ക് നേരെ നടന്നത് മനുഷ്യത്വരഹിതമായ ക്രൂരതകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐടി കമ്പനിയായ ‘ക്യാപ്‌ജെമിനി’യുടെ (Capgemini) എച്ച്എഎല്‍ (HAL) ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേകെയര്‍ സെന്ററിലാണ് സംഭവം. പീഡനവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് സെന്ററിലെ അഞ്ച് വനിതാ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഈ ഡേകെയര്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി ക്യാപ്‌ജെമിനി അധികൃതര്‍ അറിയിച്ചു.

ALSO READ: ഞെട്ടിച്ച തിരിച്ചുവരവ്; അവസാന നിമിഷങ്ങളിലെ നാടകീയ ഗോളുകളിലൂടെ സെനഗലിനെ കണ്ണീരിലാഴ്ത്തി ലുക്കാക്കുവും സംഘവും

കുട്ടികള്‍ കരയുമ്പോള്‍ അവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ് വാഷിംഗ് മെഷീനില്‍ ഇരുത്തുകയും, വായയിലേക്ക് നിര്‍ബന്ധപൂര്‍വ്വം വെള്ളം സ്‌പ്രേ ചെയ്യുകയും, ബാത്ത്‌റൂമില്‍ പൂട്ടിയിടുകയും ചെയ്തിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡേകെയറിലെ ഈ ക്രൂരതകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിലും കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു.

തങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് വിശ്വസിച്ച് കുട്ടികളെ ഏല്‍പ്പിച്ച ഡേകെയറില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായതിന്റെ ഞെട്ടലിലും രോഷത്തിലുമാണ് മാതാപിതാക്കള്‍. കോര്‍പ്പറേറ്റ് ക്യാമ്പസുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ സെന്ററുകളുടെ സുരക്ഷയെയും മേല്‍നോട്ടത്തെയും കുറിച്ച് ഈ സംഭവം വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

‘ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കാണ് ക്യാപ്‌ജെമിനി എപ്പോഴും മുന്‍ഗണന നല്‍കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന അധികൃതരുമായി കമ്പനി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ബംഗളൂരു ക്യാമ്പസിലെ ഡേകെയര്‍ സൗകര്യം താല്‍ക്കാലികമായി അടച്ചുപൂട്ടുകയാണ്,’ എന്ന് ക്യാപ്‌ജെമിനി പ്രസ്താവനയിലൂടെ അറിയിച്ചു.

Horror At Bengaluru Daycare