04
Jul 2026
Sat
04 Jul 2026 Sat
instagram reels theft

ഡെഹ്റാഡൂണ്‍: വീടുകളില്‍ നിന്ന് ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് ആരും അറിയാതെ രക്ഷപ്പെട്ടാലും സോഷ്യല്‍ മീഡിയയിലെ അതിമോഹം ഒടുവില്‍ ചെന്നെത്തിക്കുക അഴിക്കുള്ളിലായിരിക്കും എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെഹ്റാഡൂണില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് നടന്ന 10 ലക്ഷം രൂപയുടെ വജ്ര-സ്വര്‍ണ്ണാഭരണ മോഷണക്കേസിലെ പ്രതിയായ വീട്ടുജോലിക്കാരി, മോഷ്ടിച്ച ആഭരണങ്ങള്‍ അണിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്തതോടെ പോലീസിന്റെ പിടിയിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെഹ്റാഡൂണ്‍ ഐടി പാര്‍ക്കിന് സമീപമുള്ള സിക്ക കിമയ ഗ്രീന്‍സില്‍ താമസിക്കുന്ന നിതീഷ വാട്‌സ് എന്ന യുവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു വര്‍ഷം മുന്‍പ് ഇവര്‍ ജാഖനിലെ ‘ഡൂണ്‍ റിപ്പബ്ലിക്’ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന സമയത്താണ് രണ്ട് വജ്ര മോതിരങ്ങള്‍, സ്വര്‍ണ്ണ മാല, വജ്രം പതിച്ച ഹാര്‍ട്ട് പെന്‍ഡന്റ്, ഡയമണ്ട് നെക്ലേസ്, ഗോള്‍ഡ് ലോക്കറ്റ് എന്നിവ കാണാതായത്.

അന്ന് നിതീഷയ്ക്ക് തന്റെ വീട്ടുജോലിക്കാരിയായ വിമല ദേവിയെ സംശയമുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ നിരപരാധിയാണെന്നും വേണമെങ്കില്‍ പരാതി നല്‍കാന്‍ പോലീസില്‍ കൂടെ വരാമെന്നും പറഞ്ഞ് വിമല ഇവരെ വിശ്വസിപ്പിച്ചു. ഇതോടെ ആഭരണങ്ങള്‍ എവിടെയെങ്കിലും വച്ച് മറന്നുപോയതാകാം എന്ന് കരുതി വീട്ടുകാര്‍ അന്വേഷണം അവസാനിപ്പിച്ചു.

ALSO READ: ഭർത്താവിനെ കൊന്ന് ബാത്ത്റൂമിൽ കുഴിച്ചുമൂടി; കാണാനില്ലെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച യുവതി പിടിയിൽ

എന്നാല്‍, കഴിഞ്ഞ ജൂണ്‍ 29-ന് രാവിലെയാണ് കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നത്. നിതീഷയുടെ സുഹൃത്ത് യാദൃശ്ചികമായി വിമല ദേവിയുടെ ഇന്‍സ്റ്റഗ്രാം റീല്‍സും വാട്‌സാപ്പ് സ്റ്റാറ്റസും കാണാനിടയായി. അതില്‍ വിമല ധരിച്ചിരുന്ന ആഭരണങ്ങള്‍ ഒരു വര്‍ഷം മുന്‍പ് നിതീഷയുടെ വീട്ടില്‍ നിന്ന് കാണാതായ അതേ വജ്രമാലയും മോതിരങ്ങളുമായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ വിവരം നിതീഷയെ അറിയിക്കുകയും, വീഡിയോ പരിശോധിച്ച നിതീഷ അത് സ്വന്തം ആഭരണങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ശക്തമായ ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിതീഷ രാജ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജൂലൈ ഒന്നിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ വെള്ളിയാഴ്ച ഡെഹ്റാഡൂണിലെ ജോഹ്രി റോഡില്‍ വെച്ച് വിമല ദേവിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന മോഷണമുതലുകളും റീല്‍സ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സ്വദേശിനിയായ വിമല ദേവി നിലവില്‍ ജാഖനിലാണ് താമസം. മുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലകൂടിയ ആഭരണങ്ങള്‍ കണ്ട് കൊതി പൂണ്ടാണ് അവസരം കിട്ടിയപ്പോള്‍ താന്‍ മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

Instagram reel exposes domestic help theft